കുന്നംകുളം: ഇഞ്ചോടിഞ്ച് പോരാട്ടം ഫോട്ടോ ഫിനിഷിന് വഴിമാറിയപ്പോൾ 53-ാം സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ കിരീടം കോഴിക്കോട് സ്വന്തമാക്കി. 1374 പോയിന്റുമായി കോഴിക്കോടും പാലക്കാടും ഒപ്പമെത്തിയപ്പോൾ റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയിയെ കണ്ടെത്തിയത്. 19 റാങ്കുകൾ പാലക്കാട് നേടിയപ്പോൾ 20 റാങ്കുകളുമായി കോഴിക്കോട് കിരീടം ഉറപ്പിച്ചു. 1366 പോയിന്റുമായി കണ്ണൂരാണ് മൂന്നാമത്.
മികച്ച സ്‌കൂളിനുള്ള ഓവറാൾ ചാമ്പ്യൻഷിപ്പ് 141 പോയിന്റുമായി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് സ്വന്തമാക്കി. രണ്ടാമത്തെ സ്‌കൂളായി വയനാട് ദ്വാരക എസ്.എച്ച് എച്ച്.എസ്.എസിനെയും മൂന്നാമത്തെ സ്‌കൂളായി കോഴിക്കോട് മേമുണ്ടയെയും തിരഞ്ഞെടുത്തു.
ശാസ്ത്രമേള വിഭാഗത്തിൽ 128 പോയിന്റോടെ കണ്ണൂർ ഒന്നാമതും 121 പോയിന്റോടെ കോഴിക്കോട് രണ്ടാമതും 114 പോയിന്റോടെ കൊല്ലം മൂന്നാമതുമെത്തി. താമരക്കുളം വി.വി.എച്ച്.എസ്.എസാണ് ശാസ്ത്രമേളയിലെ മികച്ച സ്കൂൾ. ഗണിതമേളയിൽ കോഴിക്കോട് (261), മലപ്പുറം (258), കണ്ണൂർ (252) ജില്ലകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസാണ് മികച്ച സ്കൂൾ. സാമൂഹികശാസ്ത്ര മേളയിൽ കണ്ണൂർ (135), പാലക്കാട് (130), മലപ്പുറം (129) എന്നിവ യഥാക്രമം ആദ്യമെത്തിയപ്പോൾ വെട്ടത്തൂർ ജി.എച്ച്.എസ്.എസ് മികച്ച സ്‌കൂളായി.
പ്രവൃത്തി പരിചയമേളയിൽ 762 പോയിന്റോടെ കോഴിക്കോട് ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് പാലക്കാടും (759) മൂന്നാം സ്ഥാനത്ത് കണ്ണൂരുമാണ് (746). ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസാണ് മികച്ച സ്‌കൂൾ. ഐ.ടി മേളയിൽ എറണാകുളം ഒന്നാം സ്ഥാനവും, പാലക്കാട് രണ്ടാം സ്ഥാനവും, മലപ്പുറം മൂന്നാം സ്ഥാനവും നേടി. നടവയൽ സെന്റ് തോമസ് എച്ച്.എസാണ് മികച്ച സ്‌കൂൾ.
സ്‌പെഷ്യൽ സ്‌കൂൾ വിഭാഗത്തിൽ കേൾവി വൈകല്യമുള്ളരുടെ വിഭാഗത്തിൽ 16104 പോയിന്റുമായി എറണാകുളം ജില്ലയിലെ സെന്റ് ക്ലെയർ ഓറൽ ഡെഫ് സ്‌കൂൾ ഒന്നാമതെത്തി. 15902 പോയിന്റുമായി കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലം കെ.എസ്.എച്ച്.എസ് രണ്ടാം സ്ഥാനവും 11984 പോയിന്റുമായി തൃശൂർ ജില്ലയിലെ ഒല്ലൂർ ആശാഭവൻ ഡെഫ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി അസീസി ബ്ലൈൻഡ് സ്‌കൂൾ (3261 പോയിന്റ്) ഒന്നും, ആലുവ ബ്ലൈൻഡ് സ്‌കൂൾ (3130), പാലക്കാട് കോട്ടപ്പുറം എച്ച്.കെ.സി.എം.എം ബ്ലൈൻഡ് സ്‌കൂൾ (3052) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനം കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. സതീശൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണൻ സമ്മാനദാനം നിർവഹിച്ചു. എ.ഡി.പി.ഐ സി.എ. സന്തോഷ് ശാസ്‌ത്രോത്സവ രേഖ പ്രകാശനം ചെയ്തു.