ന്യൂഡൽഹി: തീസ് ഹസാരി കോടതിയിൽ കഴിഞ്ഞ ദിവസം അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ പൊലീസുകാരുടെ സമരം തുടരുന്നു. മർദ്ദിച്ച അഭിഭാഷകർക്കെതിരെ കേസെടുക്കാൻ നിർദേശിക്കുമെന്ന് ഡൽഹി ലഫ്. ഗവർണര്‍ വ്യക്തമാക്കി പരിക്കേറ്റ പൊലീസുകാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയോട് ഡൽഹി ലഫ്.ഗവർണർ അനിൽ ബെയ്ജാൽ നിർദേശിച്ചു. പരിക്കേറ്റ പൊലീസുകാർക്ക് 25000 രൂപ ധനസഹായം നൽകുമെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മീഷണർ സതീഷ് ഗോൽച്ച അറിയിച്ചു.
പൊലീസുകാർ സമരം ശക്തമാക്കിയതോടെ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് അസോസിയേഷനുകളും ഐ.പി.എസ് - ഐ.എ.എസ് അസോസിയേഷനുകളും പൊലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും ബാർ കൗൺസിൽ ഓഫ് ഡൽഹിക്കും ഹൈക്കോടതി നോട്ടീസയച്ചു.