sivsena-

മുംബയ് : ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശിവസേന തയ്യാറായാൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ ബദൽ സാദ്ധ്യമാകുമെന്ന് എൻ.സി.പി. കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ അംഗമായ അരവിന്ദ് സാവന്ത് രാജിവയ്ക്കണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു.

സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിൽ മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുമ്പോഴാണ് എൻ.സി.പിയുടെ ഉപദേശം. ഒക്ടോബർ 21ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ശിവസേനയ്ക്കും മന്ത്രിസഭ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമില്ലാതായതോടെയാണ് തർക്കം രൂക്ഷമായത്.

ശിവസേനയ്ക്ക് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം നൽകിയാൽ ഒന്നും സംഭവിക്കില്ല. എന്നാൽ ബി.ജെ.പി ആ സ്ഥാനം നൽകിയില്ലെങ്കിൽ ഒരു ബദൽ സാധ്യമാകും. പക്ഷേ ബി.ജെ.പിയുമായും എൻ.ഡി.എയുമായും ഇനിയൊരു സഖ്യമുണ്ടാകില്ലെന്ന് സേന തീരുമാനിക്കണം. അതിന്‌ശേഷം മാത്രമേ ബദലിനെക്കുറിച്ച് ആലോചിക്കാൻ കഴിയൂ’. '' - എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നാകുമെന്ന് മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എൻ.സി.പിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിൽ ശരദ് പവാർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.