tp-senkumar

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്‌കൂളുകളിലേയ്ക്ക് അറബിക് അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ സോഷ്യൽ മീഡിയ. ‘അറബി പഠിച്ചാലെ അമ്പലത്തിൽ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാൻ പാടില്ല’,​ എന്നാണ് സെൻകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

മലയാളം, കണക്ക്, സയൻസ്, മ്യൂസിക്, ഡ്രോയിംഗ്, സോഷ്യൽ സയൻസ് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അറബി അധ്യാപകന്റെ ഒഴിവുമുണ്ട്.

എന്നാൽ അറബി അദ്ധ്യാപകന്റെ ഒഴിവിനെ മാത്രം ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്രാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ അതിനെതിരെ ശക്തമായി വിമർശനമാണ് ഉയരുന്നത്. സമൂഹത്തിൽ വിഷം വമിപ്പിക്കാനാണ് സെൻകുമാറിന്റെ ശ്രമമെന്നും അറബി ഒരു ഭാഷയാണെന്നും അത് സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടതാണെന്നും ചിലർ പറയുന്നു. അറബി അധ്യാപകരുടെ ഒഴിവ് വന്നിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള വിജ്ഞാപനം. സംസ്കൃതം പഠിക്കാൻ പാടില്ലെന്ന് ഇതിൽ എവിടെ പറഞ്ഞിരിക്കുന്നു.? അറബി ഒരു ഭാഷയാണ് അത് പഠിക്കാൻ കഴിയുന്നത് നല്ലതല്ലേ? തുടങ്ങിയ കമന്റുകളാണ് വരുന്നത്.