തിരുവനന്തപുരം: പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സർക്കാർ പുതിയ സമിതി രൂപീകരിക്കുന്നു.ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഇതിൽ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോൾ ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.
പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ പോക്സോ കോടതികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികൾ വരുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനഃശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കണം. ഇതിനായി കൗൺസിലർമാർക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും യോഗം തീരുമാനിച്ചു. കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണം.
സ്കൂൾ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്പന കർശനമായി തടയണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.പൊലീസ്, എക്സൈസ് വകുപ്പുകൾ ഇക്കാര്യത്തിൽ കർക്കശമായ ഇടപെടൽ നടത്തണം. കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബർ ഫോറൻസിക് ലാബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. അമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകളുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം.
ബാലനീതി നിയമപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫയർ ഓഫീസർമാർ ഉണ്ട്. അവർ സ്കൂളുകളുമായി നിരന്തര ബന്ധം പുലർത്തുന്നത് കുറ്റകൃത്യം തടയാൻസഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.