തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ അഴുകിത്തുടങ്ങി. മൃതദേഹങ്ങളിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ട്. മരിച്ച മാവോയിസ്റ്റുകളെ തിരിച്ചറിയാൻ ഇടയ്ക്കിടെ രേഖകളും മറ്റുമായി അധികൃതർ വരുമ്പോൾ ഫ്രീസർ തുറക്കേണ്ടി വരുന്നതാണ് അഴുകാൻ ഇടയാക്കിയത്. ഒരാഴ്ചയോളമായി മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശീതീകരണ മുറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അധികൃതർ പറയുന്നു. മോർച്ചറിക്ക് മുന്നിൽ ദുർഗന്ധം ശ്വസിച്ചാണ് പൊലീസുകാർ കാവൽ നിൽക്കുന്നത്. പൊലീസ് ക്യാമ്പിൽ നിന്നു രാത്രിയും പകലുമായി 40 പേർ വീതം 80 പേരും റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിൽ നിന്നുള്ള 80 പേരുമാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.