shiju-

തിരുവനന്തപുരം: ഐ.എസ്.എൽ കമന്ററി ബോക്സിൽ ട്രിപ്പിൾ സെഞ്ച്വറി അടിക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കളിപറച്ചിലുകാരൻ ഷൈജു ദാമോദരൻ. ഇന്ന് ഗച്ചിബൗളിയിൽ നടക്കുന്ന ഹൈദരാബാദും നോർത്ത് ഈസ്റ്ര് യുണൈറ്രഡും തമ്മിലുള്ള പോരാട്ടം ഷൈജു ദാമോദരൻ കമന്ററി പറയുന്ന മുന്നൂറാമത്തെ ഐ.എസ്.എൽ മത്സരമാകും.

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കമന്റേറ്രർ എന്ന ബഹുമതിയും ഷൈജുവിന് സ്വന്തമാകും.

സെലിബ്രിറ്റി ക്രിക്കറ്ര് ലീഗിലൂടെയാണ് ഷൈജുവിന്റെ കന്റേറ്ററായുള്ള കരിയർ ആരംഭിക്കുന്നത്. സെലിബ്രിറ്രി ക്രിക്കറ്റ് ലീഗിലെ കളി പറച്ചിലാണ് ഐ.എസ്.എല്ലിലേക്കും വഴിതുറന്നത്. ഷൈജുവിന്റെ വരവോടെ മലയാളത്തിലെ ഫുട്ബാൾ കമന്ററി സൂപ്പർ ഹിറ്രായി. കഴിഞ്ഞ ലോകകപ്പിലും ഷൈജുവിന്റെ കമന്ററിയുണ്ടായിരുന്നു. മലയാളികളല്ലാത്ത പല പ്രമുഖരും ഷൈജുവിന്റെ കമന്ററിയുടെ ആരാധകരാണ്.

തന്റെ ജീവിതം തന്നെ മാറ്റി മറിച്ച കമന്റേറ്റർ ജോലി ഏറെ തയ്യാറെടുപ്പുകളോടെയാണ് അദ്ദേഹം ചെയ്യുന്നത്. ശബ്ദ വിന്യാസവും ഭാഷയുടെ പ്രയോഗങ്ങളും കളിക്കാരുടെ ചരിത്രവും എല്ലാം ക്യത്യമായി പഠിച്ചാണ് ഓരോ മത്സരത്തിനും കമന്ററി ബോക്സിൽ എത്തുന്നതെന്ന് ഷൈജു പറയുന്നു. ജോപോൾ അഞ്ചേരിയും താനുമായുള്ള കോമ്പിനേഷൻ ഹിറ്രായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.