കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പ്രശസ്തമാണ് രാജസ്ഥാൻ. രാജ്യത്തെ ജനവാസമുള്ള ഏക കോട്ട സ്ഥിതി ചെയ്യുന്നതും രാജസ്ഥാനിലാണ്. യുനെസ്‍കോയുടെ പൈതൃകപട്ടികയിൽ തന്നെ ഇടം പിടിച്ച ജയ്സാൽമീർ കോട്ടയിലാണ് നിരവധിപേരർ ജീവിക്കുന്നത്. 800 വർഷമായി നൂറുകണക്കിന് തലമുറകള്‍ ജീവിക്കുന്ന കോട്ടയാണിത്. ഇപ്പോൾ ഇവിടുത്തെ ജനസംഖ്യയാണ് 4000.
250 അടി പൊക്കവും 1500 അടി നീളവുമുള്ള ഈ കോട്ട നിർമ്മിച്ചത് 1156ൽ രാജാ ജവാൽ ജൈസാൽ ആണ്. ജാലീസ്, ജറോഖാസ് എന്നീ കല്ലുകൾകൊണ്ടാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ചെളികൊണ്ടാണ് തറകൾ നിർമ്മിച്ചിരിക്കുന്നത്. കോട്ടമതിൽ സ്വർണനിറത്തിലായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ സുവർണ കോട്ട എന്ന ഒരു പേരുമുണ്ട് ഈ കോട്ടയ്ക്ക്. കോട്ടയ്ക്കകത്ത് ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമുണ്ട്.
മുഗൾ, രജപുത്രർ, ബ്രിട്ടീഷുകാരൊക്കെ ഭരിച്ചിരുന്ന കോട്ട പിന്നീട് ഭരിച്ച രാജാവ് ജനങ്ങൾക്ക് താമസിക്കാനായി നൽകി. തങ്ങളെ സേവിച്ച ജനങ്ങൾക്കുള്ള പ്രത്യുപകാരമായിട്ടായിരുന്നു ഇത്. ഒരു രൂപ പോലും വാടക നൽകാതെയാണ് ഇവരിവിടെ കഴിയുന്നത്. ഇന്നിവിടെ താമസിക്കുന്നവർ വരുമാനം കണ്ടെത്തുന്നത് വിനോദസഞ്ചാരത്തിൽ നിന്നുമാണ്.