ayodhya-

ന്യൂഡൽഹി ∙ അയോദ്ധ്യക്കേസിൽ സുപ്രിംകോടതി വിധി പറയാനിരിക്കെ കേന്ദ്രമന്ത്രിമാർക്കും പാർട്ടിനേതാക്കൾക്കും പെരുമാറ്റചട്ടവുമായി ബി.ജെ.പി. വർക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡ വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബെംഗളുരു, കൊൽക്കത്ത, മുംബയ് എന്നിങ്ങിനെ മേഖലകൾ തിരിച്ചു യോഗം ചേരുകയും നിർദ്ദേശങ്ങൾ നേതാക്കൾക്ക് കൈമാറുകയും ചെയ്തു.

പ്രകോപനപരമായ പ്രസ്താവനകൾ വിലക്കി. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങൾ പാടില്ല. വിധിക്ക് ശേഷം കേന്ദ്രനിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നിലപാട് പാർട്ടി ദേശീയ അദ്ധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുൻപ് ആരും പ്രതികരിക്കരുത്.ആർ.എസ്.എസിന്റെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകളുമായി ഡൽഹിയിൽ ചർച്ച നടത്തി. ഇരുവിഭാഗവും സംയമനം പാലിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി പങ്കെടുത്ത യോഗത്തിൽധാരണയായി. യു.പിയിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

ആർ.എസ്.എസിന്റെ ഈ മാസം 10നും 20നും ഇടയിലുള്ള പരിപാടികൾ റദ്ദാക്കി. 40 കമ്പനി കേന്ദ്രസേനയെ ഉടൻ യു.പിയിൽ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യു.പിയിൽ തുടരും. 10 കമ്പനി ദ്രുത കർമസേന ഇതിനോടകം യു.പിയിൽ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉൾപ്പെടെ 12 പ്രശ്നബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക. വിധിയും തുടർന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും വിദേശത്തും ഏറെ ഉറ്റുനോക്കുന്നതിനാൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ കരുതലോടെയാണ് കേന്ദ്രസർക്കാര്‍ നീങ്ങുന്നത്.