കോഴിക്കോട്: സി.പി.എം അംഗങ്ങളായ രണ്ടു വിദ്യാർത്ഥികൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയ കേസിൽ ഇരുവരുടെയും ജാമ്യാപേക്ഷയിൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഇന്നുണ്ടാവും. യു.എ.പി.എ നിലനിർത്തുന്നതിനുള്ള നിർണായക തെളിവുകളും പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് അറസ്റ്റിലായ അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
കോടതി സ്വമേധയാ യു.എ.പി.എ വകുപ്പ് ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദിനേശ് തിങ്കളാഴ്ച ഉന്നയിച്ചതെങ്കിൽ, ഇരുവർക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് ഇന്നലെ അദ്ദേഹം ഉന്നയിച്ചത്. അലൻ ഷുഹൈബ് (20), താഹ ഫസൽ (24) എന്നിവർക്ക് നിയമപരമായും മാനുഷികപരിഗണനയിലും ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. യു.എ.പി.എ വകുപ്പ് ഒഴിവാക്കുന്ന കാര്യത്തിൽ ഒരു നിർദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞു. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ അദ്ദേഹം എതിർത്തില്ല.
പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് അഡ്വ.ദിനേശ് ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വയ്ക്കുന്നതോ മാവോയിസ്റ്റ് സംഘടനയിൽ അംഗത്വമെടുക്കുന്നതോ കുറ്റകരമല്ലെന്ന് നേരത്തേ സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലുണ്ട്. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രമെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമുള്ളു. രണ്ടു വിദ്യാർത്ഥികളും ഒരു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.