sabarimala-women-entry

ചെന്നൈ: ദർശനത്തിനായി ഇത്തവണയും ശബരിമലയിൽ യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതി വനിതാ കുട്ടായ്മ. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഈയൊരു തീരുമാനമെന്ന് മനിതി സംഘാംഗം സെൽവി പറഞ്ഞു.

അതേസമയം, സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ കേരള സർക്കാരിനെ പൂർണമായി വിശ്വസിക്കുന്നില്ലെന്നും സെൽവി വ്യക്തമാക്കി. 'കർണാടകയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി ഇതുവരെ മൂന്ന് യുവതികൾ ശബരിമല ദർശനത്തിന് താൽപര്യം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യുവതികളും ഒരുമിച്ച് ദർശനം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്'- സെൽവി പറഞ്ഞു.

2018 സെപ്തംബർ 28നാണ് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാലംഗ ബെഞ്ചാണ് യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്.

2018 ഡിസംബർ 22ന് മനിതിയുടെ നേതൃത്വത്തിൽ 11 സ്ത്രീകൾ ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ പമ്പയിലുണ്ടായ വൻ പ്രതിഷേധത്തെ തുടർന്ന് ശബരിമല ദർശനം നടത്താതെ തിരിച്ച് പോകേണ്ടിവന്നു. തങ്ങളെ പൊലീസ് നിർബന്ധപൂർവം തിരിച്ചയച്ചെന്നും എന്നാൽ പിന്നിടൊരു ദിവസം തിരികെയെത്തുമെന്നും മനിതി പ്രവർത്തകർ അന്ന് പറഞ്ഞിരുന്നു.