isis-

വാഷിംഗ്ടൺ: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി അമേരിക്ക വെളിപ്പെടുത്തി. ദക്ഷിണേഷ്യയിൽ പ്രവർത്തിക്കുന്ന ഐസിസിന്റെ ഖൊറാസാൻ പ്രവിശ്യ (ഐസിസ്-കെ)യാണ് ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടറുമായ റുസെൽ ട്രാവേഴ്‌സ് വ്യക്തമാക്കി. 2018ൽ ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താനാണ് ഐസിസിന്റെ ഖൊറാസാൻ ഗ്രൂപ്പ് ശ്രമിച്ചത്. എന്നാൽ,​ ഇത് പരാജയപ്പെട്ടതായാണ് അമേരിക്ക വെളിപ്പെടുത്തിയത്.

"ഇന്ത്യയിലും അവർ ചാവേർ സ്‌ഫോടനങ്ങൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ,​ അത് പരാജയപ്പെടുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലും അവർ ആക്രമണം നടത്താൻ പദ്ധതിയിട്ടു. എന്നാൽ,​ എഫ്.ബി.ഐ ഈ ശ്രമം പൊളിക്കുകയായിരുന്നു"വെന്നും അദ്ദേഹം പറഞ്ഞു. അഫ്‍ഗാനിസ്ഥാനിലെ യു.എസ് സൈനികർക്ക് മാത്രമല്ല, അമേരിക്കയ്‍ക്ക് തന്നെയും ഖൊറാസാൻ വെല്ലുവിളി ഉയർത്തുന്നുണ്ട് -റുസെൽ വ്യക്തമാക്കി.

ഐസിസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസെൽ പറഞ്ഞു. ഐസിസിൽ നിന്ന് മാതൃക സ്വീകരിച്ച് പ്രവർത്തിക്കുന്ന 4000 ഭീകരരെങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്ഥാൻ പുറത്ത് നിരവധി ആക്രമണങ്ങൾക്ക് ഐസിസ്- ഖൊറാസാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസെൽ ട്രാവേഴ്‌സ് പറഞ്ഞു. 2017ൽ സ്റ്റോക്ക്ഹോമിൽ ഐസിസ് നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അഫ്‍ഗാനിസ്ഥാന് പുറത്ത് ആക്രമണങ്ങൾ നടത്താനുള്ള അവരുടെ ആഗ്രഹത്തിന്റെ തെളിവാണ് ഇവയെന്നും ട്രവേഴ്‍സ് പറഞ്ഞു.

അതേസമയം,​ ഐസിസ് സംഘത്തിന്റെ നേതാവ് അബൂബക്കർ അൽ ബാഗ്‌ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരിയും പിടിയിലായിട്ടുണ്ട്. ബഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവദ് ആണ് സിറിയയിൽ തുർക്കി സൈന്യം നടത്തിയ പരിശോധനയിൽ പിടിയിലായത്. തുർക്കി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയയിലെ പ്രദേശത്തുവച്ചാണ് സംഭവം. 65കാരിയായ റസ്മിയയും കുടുംബവും കണ്ടയ്‌നറിൽ യാത്ര ചെയ്യവെയാണ് സൈന്യത്തിന്റെ പിടിയിലായത്. അലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് ഇവർ താമസിച്ചിരുന്നതെന്ന് കരുതുന്നു.