leech-

ആലപ്പുഴ : യുവാവിന്റെ ജനനേന്ദ്രിയത്തിൽ നിന്നും അട്ടയെ നീക്കം ചെയ്ത സംഭവത്തിൽ കൂടുതൽ പഠനത്തിന് വഴിതുറക്കുന്നു. മൂത്രനാളിയിൽ കയറിക്കൂടിയ അട്ടയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുക്കുന്നതിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അവലംബിച്ച രീതിയെകുറിച്ചാണ് പഠനം. ആലപ്പുഴ കണിയാംകുളം സ്വദേശിയും ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുമായ ഡോക്ടർ സി.പി. പ്രിയദർശനാണ് അട്ടയെ പുറത്തെടുത്തത്. ഈ അത്യപൂർവ ചികിത്സരീതിയെ കുറിച്ചുള്ള വിവരം ദേശീയതലത്തിൽ മറ്റ് ഡോക്ടർമാരിലേക്കും മെഡിക്കൽ വിദ്യാർത്ഥികളിലേക്കും എത്തണം എന്ന ചിന്തയിലാണ് കൂടുതൽ പഠനം നടത്താൻ ഡോക്ടർ സി.പി. പ്രിയദർശൻ ഒരുങ്ങുന്നത്. സ്ത്രീകളുടെ മൂത്രനാളിയിൽ അട്ടകയറിയിട്ടുള്ള സംഭവം മുൻപുമുണ്ടായിട്ടുണ്ടെങ്കിലും പുരുഷന്റെ ജനനേന്ദ്രിയത്തിൽ അട്ട കയറിയതുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് അത്യപൂർവമാണ്, ഇതും പഠനത്തിലേക്ക് നയിക്കാൻ പ്രചോദനമാണ്.

നവംബർ മൂന്നാം തീയതിയാണ് അസഹ്യമായ വേദനയോടെ ഇരുപത്തിയഞ്ചുകാരനായ യുവാവ് ആലപ്പുഴ ജനറൽ ആശുപത്രിൽ എത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അട്ടയുടെ സാമീപ്യം കണ്ടെത്തിയത്. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. പ്രിയദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുളയട്ടയെ പുറത്തെടുത്തത്. ശസ്ത്രക്രിയ കൂടാതെ അട്ടയെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിലായിരുന്നുവെങ്കിൽ ലക്ഷങ്ങൾ ചെലവാക്കിയുള്ള ശസ്ത്രക്രിയ വേണ്ടി വന്നേനെ. ഏഴു സെന്റിമീറ്റർ നീളമുള്ള കുളയട്ടയെയാണ് പുറത്തെടുത്തത്. നൂൽ വലുപ്പമുള്ള അട്ട, മൂത്രനാളിക്ക് ഉള്ളിൽ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു.