
ജയ്‌പൂർ: തെരുവുനായയെ കാറിന്റെ പുറകിൽ കെട്ടി വലിച്ചിഴച്ച് കിലോമീറ്ററുകളോളം കാർ ഓടിച്ച് മനുഷ്യന്റെ ക്രൂരത. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ കെൽവ മേഖലയിലാണ് സംഭവം. കാർ ഓടിച്ച യുവാവിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. നായയുടെ ജഡം കാർ ഓടിച്ച മേഖലയിൽ നിന്ന് വെള്ളിയാഴ്ച കണ്ടെടുത്തിട്ടുണ്ട്.
ബാബു ഖാൻ എന്ന യുവാവാണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത കാട്ടിയത്. കെട്ടിവലിച്ചതിന് ശേഷം ചത്തെന്ന് കരുതി ബാബു ഖാൻ നായയെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് നായയ്ക്ക് ജീവനുണ്ടായിരുന്നെന്ന് ഇവർ പറയുന്നു. സംഭവത്തിനിടെ നായ ഹൃദയാഘാത്തെ തുടർന്നാണ് ചത്തതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് കെൽവ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.പി ഡാഡിച്ച് പറഞ്ഞു. കാറിന്റെ പുറകിൽ കെട്ടിലിച്ചതിനെ തുടർന്നുണ്ടായ സെപ്റ്റിസീമിയയും മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബാബു ഖാനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ലജ്ജാവഹമായ സംഭവമാണ് അരങ്ങേറിയതെന്ന് ആനിമൽ റൈറ്റ്സ് ആക്ടിവിസ്റ്റ് രാകേഷ് ശർമ്മ പറഞ്ഞു. മനുഷ്യത്വമില്ലാത്ത ക്രൂരതയാണെന്നും പ്രതിയുടെ മനസികനില പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 429 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.