വാഷിംഗ്ടൺ : പാകിസ്ഥാനുമായി അതിർത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളുമായി അടുത്ത് ഇടപഴകുന്ന ഇന്ത്യയുടെ നയതന്ത്രത്തിൽ പാകിസ്ഥാന് ഉറക്കം നഷ്ടപ്പെടുന്നു. അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ഇടപെടലുകളിൽ പാകിസ്ഥാനുള്ള ആശങ്കയും ഭയപ്പാടും തുറന്ന് കാട്ടുകയാണ് അമേരിക്കൻ കോൺഗ്രഷണൽ റിസർച്ച് (സി.ആർ.എസ്) തയ്യാറാക്കിയ റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലുകൾക്ക് ഇന്ത്യയുടെ സാന്നിദ്ധ്യം തടസമാകുന്നുണ്ടെന്നും, പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ നെഗറ്റീവ് ഇടപെടലുകളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമാണ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസികൾ പുലർത്തുന്നത്. അസ്ഥിരമായ ഒരു ഭരണകൂടത്തെ അഫ്ഗാനിൽ പ്രതിഷ്ഠിക്കുന്നതിലാണ് പാകിസ്ഥാൻ താത്പര്യപ്പെടുന്നത്. എന്നാൽ അഫ്ഗാനിൽ അമേരിക്കൻ ഇടപെടലിനു ശേഷം രൂപീകൃതമായ സർക്കാരുമായി അടുത്ത ബന്ധം ഇന്ത്യ പുലർത്തുന്നതാണ് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നത്. നയതന്ത്ര, വാണിജ്യ സാന്നിധ്യം അഫ്ഗാനിൽ ഇന്ത്യ ശക്തമാക്കുന്നതും ഈ ഉദ്യമങ്ങൾക്ക് അമേരിക്ക പിന്തുണ നൽകുന്നതും പാകിസ്ഥാൻ സംശയത്തോടെയാണ് കാണുന്നത്. തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള പാക് ബന്ധത്തെ തുറന്നുകാട്ടുന്ന സി.ആർ.എസ് റിപ്പോർട്ടിനെ കുറിച്ച് പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം നൽകിയിരിക്കുന്നത്.
പാകിസ്ഥാനെ തള്ളിപ്പറയുന്ന നിലപാടുകളാണ് ഐക്യരാഷ്ട്ര സഭയിലടക്കം അടുത്തിടെ അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്നത്. തങ്ങളുടെ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുവാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി അഫ്ഗാനിസ്ഥാൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കവും അടുത്തിടെ സംഘർഷത്തിൽ കലാശിച്ചിരുന്നു. അഫ്ഗാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റിരുന്നു.