alan-thaha

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസറ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. യു.എ.പി.എ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം പ്രതികളെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ച.കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികൾ പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, യു.എ.പി.എയുടെ കാര്യത്തിൽ തീരുമാനമാകാതെ മകൻ പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് അലന്റെ അമ്മ സബിത പ്രതികരിച്ചു. മുമ്പ് നടന്ന യു.എ.പി.എ കേസുകളിൽ നിന്നും ഇന്ന് ജാമ്യം കിട്ടില്ലെന്ന് അറിയാമായിരുന്നുവെന്ന് നടിയും അലന്റെ അമ്മയുടെ സഹോദരിയുമായ സജിത മഠത്തിൽ പറഞ്ഞു. 'രണ്ട് ദിവസം മുമ്പ് അലന്റെ കൈയിൽ ബാഗുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിട്ടില്ല,​ ഇപ്പോൾ അതും പറയുന്നു. ആ ബാഗ് ആരോ വിലിച്ചെറിഞ്ഞ് പോയതാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. വീട്ടിൽ നിന്നും പൊലീസ് അലന്റെ ഫോൺ മാത്രമേ എടുത്തുകൊണ്ടുപോയിട്ടുള്ളു,​ അല്ലാതെ ഒന്നും ഇവിടെ നിന്നും കണ്ടെത്തിയിട്ടില്ല'-സജിത മഠത്തിൽ വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കുമെന്ന് താഹയുടെ കുടുംബാംഗങ്ങൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക,​ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

കോടതി സ്വമേധയാ യു.എ.പി.എ വകുപ്പ് ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദിനേശ് തിങ്കളാഴ്ച ഉന്നയിച്ചതെങ്കിൽ, ഇരുവർക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് ഇന്നലെ അദ്ദേഹം ഉന്നയിച്ചത്. അലൻ ഷുഹൈബ് (20), താഹ ഫസൽ (24) എന്നിവർക്ക് നിയമപരമായും മാനുഷിക പരിഗണനയിലും ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു.