കൊച്ചി : ഒറ്റ വർഷംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് ഇരുപത്തിയൊന്ന് ശതമാനം വില വർദ്ധന. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി അരക്കിട്ട് ഉറപ്പിക്കുകയാണ് ഈ മഞ്ഞലോഹം. രാജ്യത്തെ ഉത്സവ സീസണുകളായ ദീപാവലിയും ധൻതേരസും കഴിഞ്ഞിട്ടും, ആഭരണ വിപണിയിലെ ഡിമാന്റ് താഴ്ന്നിട്ടും സ്വർണത്തിന്റെ വിലകുറയാത്തത് നിക്ഷേപകരുടെ വിശ്വാസം ഇടിയാത്തത് കാരണമെന്ന് മനസിലാക്കാം. ഉത്സവകാലം കഴിഞ്ഞെങ്കിലും രാജ്യത്ത് വിവാഹ സീസൺ അടുത്തതോടെ സ്വർണത്തിന്റെ ആവശ്യകത കൂടാനാണ് സാദ്ധ്യത. എന്നാൽ സ്വർണവിലയിലുണ്ടാവുന്ന വർദ്ധന വ്യാപാരികളെ നന്നായി ബാധിക്കുന്നുണ്ട്. സ്വർണം വാങ്ങാനെത്തുന്നവർ പകരം പഴയ സ്വർണം നൽകി വാങ്ങുന്നതും, പഴയ സ്വർണാഭരണങ്ങൾ വിലകൂടിയതിന്റെ പശ്ചാത്തലത്തിൽ വിറ്റഴിക്കുന്നവരുടെ എണ്ണവും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.
ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യലക്ഷണങ്ങളും, വ്യാപാരയുദ്ധങ്ങളും സ്വർണത്തിലേക്ക് നിക്ഷേപകരുടെ മനസിനെ ഇപ്പോഴും ഉടക്കിനിർത്തിയിരിക്കുന്നു. രാജ്യാന്തരവിപണിയിൽ ഈ വർഷം സ്വർണവിലയിലുണ്ടായ വർധന 29 ശതമാനമാണ്, ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടലുകൾ. ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1512 ഡോളറായി ഉയർന്നിട്ടുണ്ട്. സ്വർണത്തിനൊപ്പം വെള്ളിവിലയിലും ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്.