സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച മകൻ ധ്രുവിന് പൊതുവേദിയിൽ അവതരിപ്പിച്ച് നടൻ വിക്രം. തിരുവനന്തപുരം പ്രസ്ക്ലബിൽ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലാണ് അച്ഛൻ വിക്രം മകനെ പരിചയപ്പെടുത്തിയത്. ധ്രുവ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ആദിത്യവർമ്മ ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും തിരുവനന്തപുരത്തെത്തിയത്. മണിക്കൂറുകളോളം മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ചിലവഴിച്ച രണ്ടുപേരും ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഇരുവരോടൊപ്പം ചിത്രത്തിലെ നായിക പ്രിയ ആനന്ദും ഉണ്ടായിരുന്നു.
മലയാളത്തിലെ ഇഷ്ടനടൻ ആരെന്ന ചോദ്യത്തിന് ധ്രുവ് ആദ്യം ഉത്തരംനൽകിയത് ദുൽഖർ സൽമാൻ സാർ എന്നാണ്, പിന്നീട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേര് പറഞ്ഞു. മലയാള സിനിമയെ കുറിച്ച് വാതോരാതെ പറഞ്ഞ ധ്രുവ് കുമ്പളങ്ങി നൈറ്റ്‌സ് നിങ്ങൾ കണ്ടില്ലേ എന്നും ചോദിച്ചു.
ധ്രുവിന്റെ ഈ ചോദ്യത്തിന് പിന്നാലെയായിരുന്നു വിക്രമിന്റെ കുസൃതി. കുമ്പളങ്ങി നൈറ്റ്സ് കണ്ടോ എന്ന് നീ ആണോ അവരോട് ചോദിക്കേണ്ടതെന്ന് മകനെ ട്രോളിക്കൊണ്ട് വിക്രം ചോദിച്ചു. എന്നാൽ ധ്രുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, അവർ കണ്ടിട്ടുണ്ടാവുമെന്ന് എനിക്കറിയാം, അത് പറയാനാണ് ഞാൻ തുടങ്ങിയതെന്ന് ധ്രുവ് പറഞ്ഞു. 'അത് സൊല്ലതാൻ വന്തെപാ..എത് പാ...എന്നെ പേസവിട്' എന്ന് ധ്രുവ് തമിഴിലും പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരിയുടെ പൂരമായിരുന്നു. ഇതിനിടെയാണ് അവർ പൊതുവേദിയിൽ മകനെ റാഗുചെയ്യരുതെന്ന് ആദിത്യവർമയിലെ നായിക പ്രിയ ആനന്ദ് പറഞ്ഞത്.
ആദിത്യവർമ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് വിക്രമിന് പിന്നാലെയാണ് എത്തിയത്. വെള്ളിയാഴ്ച തീയറ്റുകളിലെത്തുന്ന മകന്റെ ആദ്യസിനിമ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ചങ്കിടിപ്പിലാണ് വിക്രം.
കാരണം അത്രമേൽ ഈ സിനിമയുമായി ഇടപെട്ടിട്ടുണ്ട്. സിനിമയുടെ എല്ലാ ഭാഗത്തും വിക്രം സാറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്ന് നടി പ്രിയ ആനന്ദ് പറഞ്ഞു. പതിവുപോലെ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത വിക്രമിനെ പോലെയായിരിക്കും മകനെന്ന വിശ്വാസത്തിലാണ് ആരാധകർ.