ന്യൂഡൽഹി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയിൽ നിന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കരൺ സിംഗ് എന്നിവരെ പുറത്താക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സൊസൈറ്റിയുടെ പ്രസിഡന്റും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിഗ് വൈസ് പ്രസിഡന്റുമാണ്.
മാദ്ധ്യമപ്രവർത്തകൻ രജത് ശർമ, പ്രസൂൺ ജോഷി, നെഹ്റു മെമ്മോറിയൽ ഫണ്ട് പ്രതിനിധി രാഘവേന്ദ്രസിംഗ്, യു.ജി.സി ചെയർമാൻ എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങൾ. എൻ.എം.എം.എൽ സൊസൈറ്റിയുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് പ്രകാരമാണ് സൊസൈറ്റി പുനസംഘടിപ്പിച്ചതെന്ന് ഉത്തരവിൽ പറയുന്നു. അംഗങ്ങളുടെ കാലാവധി അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ മറ്റ് അറിയിപ്പുകൾ വരുന്നത് വരേയോ ആണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, രമേശ് പൊഖ്രിയാൽ, പ്രകാശ് ജാവദേക്കർ, വി മുരളീധരൻ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഐ.സി.സി.ആർ ചെയർമാൻ വിനായ് സഹസ്രബുധേ, പ്രസാർ ഭാരതി ചെയർമാൻ എ സൂര്യ പ്രകാശ് എന്നിവർ സൊസൈറ്റിയിലെ അംഗങ്ങളാണ്. മാദ്ധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമി, മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ, ബി.ജെ.പി നിയമസഭാംഗം വിനയ് സഹസ്രബുദ്ധെ, ഐ.ജി.എൻ.സി.എ ചെയർമാൻ രാം ബഹാദൂർ റായ് എന്നിവരെ എൻ.എം.എം.എൽ സൊസൈറ്റി അംഗങ്ങളാക്കി നേരത്തെ കേന്ദ്രം നിയോഗിച്ചിരുന്നു.