ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇപ്പോൾ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മഴ അൽപ്പം മാറിയ അനുയോജ്യമായ കാലാവസ്ഥയും മലയോരത്ത് മഞ്ഞും തണുപ്പും വർദ്ധിച്ചതുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഉത്തരേന്ത്യക്കാരും വിദേശികളുമാണ് കൂടുതലായെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ശൈത്യകാല സീസണിന് തുടക്കമെന്നവണ്ണം മൂന്നാറിൽ സന്ദർശകരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാം മൈലിൽ പ്രവേശന ടിക്കറ്റിനായി നീണ്ട നിര ദൃശ്യമാണ്.
മാട്ടുപ്പെട്ടിയിൽ ബോട്ടിംഗിനായും നിരവധിപ്പേരാണ് എത്തുന്നത്. വഴിയോര കടകളും വ്യാപാര സ്ഥാപനങ്ങളും സജീവമായി. സഞ്ചാരികൾക്കായി തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാനും ദിവസവും ആയിരങ്ങളാണെത്തുന്നത്. ഒരാഴ്ചയോളമായി തേക്കടിയിലും സഞ്ചാരികളുടെ തിരക്കേറി. നിരവധിപ്പേർ ബോട്ടിംഗ് ലഭിക്കാതെ മടങ്ങി. ബോട്ട് യാത്ര മുടങ്ങിയെങ്കിലും ലാൻഡിംഗിങ്ങിൽ ഏറെ സമയം ചെലവഴിച്ചാണ് ഇവർ മടങ്ങിയത്.
വെള്ളച്ചാട്ടങ്ങൾ കാണാൻ എടുത്തുചാട്ടം
മഴ അൽപ്പം മാറിയതോടെ നുരഞ്ഞ് പതഞ്ഞു ചാടുന്ന വെള്ളച്ചാട്ടങ്ങൾ കാണാനായി ഒട്ടേറെ ആളുകളാണ് എത്തുന്നത്. കാന്തല്ലൂരിൽ കച്ചാരം വെള്ളച്ചാട്ടം, നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ, കല്ലാർ വെള്ളച്ചാട്ടങ്ങൾ, ശ്രീനാരായണപുരം, ആറ്റുകാട് വെള്ള ചാട്ടങ്ങളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ശ്രീനാരായണപുരത്ത് കഴിഞ്ഞ ഒരു ദിവസം മാത്രം സന്ദർശിച്ചത് പതിനായിരത്തോളം പേരാണ്. നിലവിൽ വെള്ളച്ചാട്ടം അടുത്ത് നിന്ന് ആസ്വദിക്കുന്നതിന് പവലിയനടക്കം നിർമ്മിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളടക്കം ഏർപ്പെടുത്തിയതും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഇവിടം സന്ദർശിക്കാമെന്നതും സഞ്ചാരികളെ കൂടുതൽ ഇവിടേയ്ക്ക് ആകർഷിക്കുന്നുണ്ട്.