മുംബയ്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് 12 ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ പ്രതിസന്ധി തുടരുന്നു. ശിവസേനയും-ബി.ജെ.പിയും മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ ഒരുഭാഗത്ത് നടക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ മഹാരാഷ്ട്രയിലെ കാവൽ സർക്കാരിന്റെ കാലാവധി അവസാനിക്കും. അതിനുള്ളിൽ സർക്കാർ രൂപീകരണത്തിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് മാറും. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ.
എൻ.സി.പി കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ശിവസേനയും ബി.ജെ.പിയും ജനങ്ങളെ മാനിച്ച് സർക്കാരുണ്ടാക്കണമെന്നും പവാർ കൂട്ടിച്ചേർത്തു. ‘ഇതല്ലാതെ എനിക്കൊന്നും പറയാനില്ല. ബി.ജെ.പിയും ശിവസേനയും ജനങ്ങളുടെ ആവശ്യം മാനിച്ച് എത്രയും പെട്ടെന്നുതന്നെ സർക്കാരുണ്ടാക്കണം. ഞങ്ങളുടെ ആവശ്യം പ്രതിപക്ഷത്തിരിക്കുക എന്നതാണ്’- ശരദ് പവാർ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കോൺഗ്രസിനും എൻ.സി.പിക്കും ലഭിച്ചിട്ടുള്ളത്. സർക്കാർ ഉണ്ടാക്കാനായി ശിവസേനയും എൻ.സി.പിയും കോൺഗ്രസും തമ്മിൽ നീക്കം നടക്കുന്നുവെന്ന സൂചനകളെയും പവാർ തള്ളി. കഴിഞ്ഞ 25 വർഷമായി ശിവസേനയും ബി.ജെ.പി.യും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കിൽ നാളെ അവർ വീണ്ടും ഒരുമിക്കും. നിലവിൽ സംസ്ഥാനത്ത് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ. ബി.ജെ.പിയും ശിവസേനയും ചേർന്ന് സർക്കാർ ഉണ്ടാക്കുക എന്നതാണത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ അതല്ലാതെ മറ്റുമാർഗങ്ങളില്ലെന്നും ശരദ് പവാർ പറഞ്ഞു. അതേസമയം, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തന്നെ കാണാൻ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നുവെന്നും പവാർ വ്യക്തമാക്കി.