it-job-

ബംഗളൂരു : രാജ്യത്തെ ഐ.ടി കമ്പനികളിൽ ജീവനക്കാരെ കുറയ്ക്കാൻ നീക്കം. കഴിഞ്ഞ ദിവസം ഇൻഫോസിസ് പതിനായിരം വരെ ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരാഴ്ച മുൻപ് പ്രമുഖ ഐ.ടി കമ്പനിയായ കോഗ്നിസന്റ് പന്ത്രണ്ടായിരം പേരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് രാജ്യത്തെ രണ്ടാമത്തെ ഐ.ടി കമ്പനിയും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്. കോഗ്നിസന്റിന്റെയും ഇൻഫോസിസിന്റെയും പാത മറ്റു കമ്പനികളും പിന്തുടരുമോ എന്ന ആശങ്കയിലാണ് ടെക്കികൾ. ചെലവ് ചുരുക്കലിന്റെ മറവിൽ ഉയർന്ന ശമ്പളം വാങ്ങുന്ന സീനിയർ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും 'പിരിച്ചുവിടൽ' ഐ.ടി കമ്പനികൾ മറയാക്കുന്നതായും ടെക്കികൾ ആരോപിക്കുന്നുണ്ട്.

ഇൻഫോസിസ് തങ്ങളുടെ ഇടത്തട്ട് (മിഡ്‌ലൈവൽ) മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള ഉദ്യോഗസ്ഥരിൽ നിന്നുമുള്ളവരെയാണ് പിരിച്ചുവിടുന്നത്. പ്രവർത്തന മികവ് പരിശോധിച്ച ശേഷമാണ് പിരിച്ചുവിടാനുള്ളവരുടെ പട്ടിക തയ്യാറാക്കുക. മുൻ വർഷങ്ങളിൽ മറ്റു ഐ.ടി കമ്പനികളിൽ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്തും കടുത്ത നടപടികളിലേക്ക് ഇൻഫോസിസ് കടന്നിരുന്നില്ല, അതിനാൽ വർഷങ്ങൾക്ക് ശേഷമാണ് പിരിച്ചുവിടൽ നടപടിക്ക് ഇൻഫോസിസിസ് ഒരുങ്ങുന്നത്. അതിനാലാണ് പട്ടികയുടെ നീളം വർദ്ധിച്ചിരിക്കുന്നത്. സീനിയർ മാനേജർമാരുൾപ്പെടുന്ന ജോബ് ലെവൽ (ജെ.എൽ) 6 വിഭാഗത്തിലെ 10 ശതമാനം (2,200) പേർക്ക് ജോലി നഷ്ടപ്പെടും. ജെ.എൽ6, ജെ.എൽ7, ജെ.എൽ8 വിഭാഗങ്ങളിലായി 30,092 ജീവനക്കാരാണ് ഇൻഫോസിസിനുള്ളത്. ജെ.എൽ3 മുതൽ താഴേക്കും ജെ.എൽ4, ജെ.എൽ5 വിഭാഗങ്ങളിലെയുമായി രണ്ടു മുതൽ അഞ്ചുവരെ ശതമാനം പേരും പട്ടികയിലുണ്ട്. ഇതുകൂടി ചേരുമ്പോൾ ആകെ പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം 4,000 മുതൽ 10,000 വരെ ആകും.