mvd-

കൊച്ചി: അമിത വേഗതയ്ക്ക് 90 തവണ ക്യാമറയിൽ കുടുങ്ങിയ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. 90 തവണ കുടുങ്ങിയിട്ടും പിഴ അടക്കാതെ മുങ്ങി നടന്നതിനെ തുടർന്നാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്. ദേശീയ പാതയിൽ സ്ഥാപിച്ച ക്യാമറയിൽ വെറും എട്ട് മാസത്തിനുള്ളിലാണ് ഈ കാർ 90 പ്രാവശ്യം കുടുങ്ങിയത്. എറണാകുളം നോർത്ത് സ്വദേശിനുയുടെ കാറാണ് ഇത്.

അമിതവേഗത്തിൽ വാഹനമോടിച്ചത് പോരാതെ, നിയമലംഘനത്തിന്റെ പേരിൽ ചുമത്തിയ പിഴ അടയ്ക്കാതെ മുങ്ങി നടക്കുകയുമായിരുന്നു യുവതി. അമിതവേഗത്തിന് വാഹനമോടിച്ചതിന് നൽകിയിട്ടുള്ള പിഴകൾ ഒടുക്കണമെന്നാവശ്യപ്പെട്ട് ഉടമയെ പല തവണ കത്ത് മുഖേനയും ഫോൺ മുഖേനയും ബന്ധപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഇവരുടെ കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ശുപാർശ ചെയ്തിരിക്കുന്നതെന്ന് എറണാകുളം ജോയിന്റ് ആർ.ടി.ഒ. കെ. മനോജ് പറഞ്ഞു.

അതേസമയം, അവസാനവട്ടമെന്ന നിലയിൽ ഒരു നോട്ടീസും കൂടി യുവതിക്ക് അയച്ചിട്ടുണ്ട്. പിഴത്തുകയായ 400 രൂപയാണ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഈ മേയ് വരെയുള്ള കാലയളവിൽ 36,000 രൂപയാണ് അമിതവേഗതയുടെ പേരിൽ ഉടമയായ യുവതി പിഴയടയ്‌ക്കേണ്ടത്. ആർ.ടി. ഓഫീസിൽ വരാൻ ബുദ്ധിമുട്ടാണെങ്കിൽ ഔദ്യോഗിക വെബ് സൈറ്റ് വഴി ഓൺലൈനായി പണം അടക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.