തൃശൂർ: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി കാണാതായ സ്കൂൾ-കോളേജ് വിദ്യാർത്ഥികളായ ആറ് പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി. പുതുക്കാട്, മാള, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ഇന്നലെയാണ് ഇവരെ കാണാതായത്. പൊലീസ് അന്വേഷണത്തെ തുടർന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് എല്ലാവരെയും കണ്ടെത്തിയത്. ഇവരിൽ നഗരപരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ ഒരാളൊഴികെ എല്ലാവരും പ്രായപൂർത്തിയായവരാണ്. ഈ കുട്ടി കുടുംബപ്രശ്നങ്ങൾ കാരണം വീടുവിട്ടുപോയതാണെന്നും ബാക്കി കേസുകളിലെല്ലാം പ്രണയമാണ് കാണാതായതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് വെവ്വേറെ കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആൺ സുഹൃത്തുക്കൾക്കൊപ്പമാണ് ആറ് പെൺകുട്ടികളും പോയതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിയിലെ കേസ് മാത്രം അയൽവാസിക്കൊപ്പമാണ് പോയത്. പ്രായപൂർത്തിയായ പെൺകുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാൻ കഴിയുന്നത്. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.