ചെന്നൈ: ഭാവി വരനൊപ്പം സെൽഫിയെടുക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതി മരിച്ചു. ചെന്നൈ സ്വദേശിയായ ടി മേഴ്സി സ്റ്റെഫിയാണ് മരിച്ചത്. തമിഴ്നാട്ടിലെ ആവഡിയിലാണ് സംഭവം. ജനുവരിയിലാണ് മേഴ്സിയുടെയും അപ്പു എന്ന യുവാവിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഇരുവരും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഒന്നിച്ച് ബൈക്കിൽ മടങ്ങുന്നതിനിടെ വണ്ടല്ലൂർ- മിഞ്ചൂർ നാലുവരിപ്പാതയിൽ വഴിയരികിലുള്ള ഒരു കൃഷി സ്ഥലത്ത് വണ്ടി നിർത്തി സംസാരിച്ചിരുന്നു. അതിനിടയിലാണ് പടിക്കെട്ടോടുകൂടി ഉള്ളിലേക്ക് ഇറങ്ങാവുന്ന കിണർ മേഴ്സിയുടെ ശ്രദ്ധയിൽപ്പട്ടത്.
കിണറിന്റെ പടിക്കലിരുന്ന് ഫോട്ടോയെടുക്കണമെന്ന് മേഴ്സി പറഞ്ഞു. തുടർന്ന് സെൽഫിയെടുക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. തലയടിച്ചാണ് വീണത്. അപ്പുവിന്റെ കരച്ചിൽ കേട്ട് പരിസരവാസികളെത്തിയെങ്കിലും യുവതിയെ പുറത്തെടുക്കാനായില്ല. തുടർന്ന് അഗ്നിശമനസേന എത്തി പുറത്തെടുക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.