sarath-

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ ഇടപെടുമെന്നുള്ള വാർത്തകൾ നിഷേധിച്ച് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ. സംസ്ഥാനത്ത് ബി.ജെ.പി - ശിവസേന സഖ്യം ഭരണത്തിൽ വരണമെന്നും എൻ.സി.പിയും കോൺഗ്രസും പ്രതിപക്ഷത്തിരിക്കാനാണ് ജനവിധിയെന്നും, അത് മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ശിവസേനയും തമ്മിൽ 25 വർഷമായി സഖ്യത്തിലാണ്. ഇന്നല്ലെങ്കിൽ നാളെ അവർ ഒന്നിക്കും. പുതിയൊരു സർക്കാരുണ്ടാക്കാൻ ഇരുവരും പെട്ടെന്ന് തന്നെ മുന്നോട്ടുവരണം. ശിവസേന നേതാവ് സഞ്ജയ് റാവുത്തുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വാർത്താസമ്മേളനത്തിലാണ് ശരത് പവാർ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി ഉണ്ടാവില്ലെന്നും അല്പദിവസങ്ങൾക്കുള്ളിൽ ഭരണം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പവാർ പറഞ്ഞു. അതേസമയം, ശിവസേനയ്ക്ക് പിന്തുണ അറിയിച്ചിട്ടുള്ള 170 എം.എൽ.എമാരുടെ പേരുകൾ സഞ്ജയ് റാവുത്ത് തന്നെ കാണിച്ചെന്നും, എന്നാൽ, അവരുടെ പിന്തുണ എങ്ങനെയാണ് ഉറപ്പിക്കാനാകുകയെന്നും പവാർ വ്യക്തമാക്കി.

ഒരുമിച്ച് മത്സരിച്ച ബി.ജെ.പിയും ശിവസേനയും ഒന്നിച്ച് സർക്കാരുണ്ടാക്കണം. രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ അതാണ് വഴി- പവാർ പറഞ്ഞു. അതേസമയം, മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ, തിരക്കിട്ട ചർച്ചകളിലാണ് സംസ്ഥാന നേതാക്കൾ. പ്രശ്നപരിഹാരത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോർ തിവാരി, മോഹൻ ഭഗവതിന് കത്തെഴുതിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ കാവൽ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി രണ്ടുദിവസംകൂടിയാണുള്ളത്.