ജയ്പൂർ: പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ വനിതാ ഏജന്റിന് നിർണായക വിവരങ്ങൾ കൈമാറിയ രണ്ട് ഇന്ത്യൻ സൈനികർ കസ്റ്റഡിയിൽ. ലാൻസ് നായക് രവി വർമ, സൈനികൻ വിചിത്ര ബോറ എന്നിവരെ ജോധ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സി.ബി.ഐയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി ജയ്പുരിലേക്കു കൊണ്ടുപോയി. ഇന്റർനെറ്റ് ഫോൺ കാളിലൂടെ പാക് വനിത വിരിച്ച ഹണിട്രാപ്പിൽ സൈനികർ കുടുങ്ങുകയായിരുന്നുവെന്ന് രാജസ്ഥാൻ അഡിഷണൽ ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര വ്യക്തമാക്കി. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴിയാണ് വിവരങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. സൈനികരിലൊരാൾ മദ്ധ്യപ്രദേശ് സ്വദേശിയും രണ്ടാമൻ അസാംകാരനുമാണ്.
പഞ്ചാബി ഭാഷ അറിയുന്ന യുവതി, പാക് നമ്പരിൽനിന്ന് വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വി.ഒ.ഐ.പി) ഉപയോഗിച്ചാണ് സൈനികരെ വിളിച്ചത്. അതിനാൽ അത് സൈനികരുടെ ഫോണിൽ ഇന്ത്യൻ നമ്പരായാണ് തെളിഞ്ഞത്. യുവതി ഇന്ത്യക്കാരിയാണെന്നു കരുതി സൗഹൃദത്തിലായ സൈനികർ രാജസ്ഥാനിലെ സൈനിക വിന്യാസം, സൈനിക ഉപകരണങ്ങൾ, മറ്റു നിർണായക വിവരങ്ങൾ എന്നിവ അവർക്ക് അയച്ചുകൊടുക്കുകയായിരുന്നു.