ന്യൂഡൽഹി: അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ നിർണായക തീരുമാനവുമായി ഡൽഹി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ശരിവച്ച കോടതി, ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരാൻ നിർദേശം നൽകി. പൊലീസുകാർക്കെതിരെയുള്ള അന്വേഷണത്തിൽ മാത്രമായിരുന്നു ഹർജി.
അതേസമയം, പൊലീസുകാരെ മർദിച്ച അഭിഭാഷകർക്കെതിരെ കേസെടുക്കരുതെന്നും അഭിഭാഷകർക്കെതിരെ ഇപ്പോൾ ഒരു നടപടിയും പാടില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ സാകേതിലെ സംഘർഷത്തിൽ ഒരു എഫ്.ഐ.ആറും വേണ്ടെന്നും കോടതി നിർദേശം നൽകി.
ഡൽഹി സാങ്കേത് കോടതി പരിസരത്ത് ഇന്നും സംഘർഷാവസ്ഥയുണ്ടായി. അഭിഭാഷകരും പൊലീസും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, വക്കീലന്മാർ അടച്ചുപൂട്ടിയ കോടതി ഗേറ്റ് നാട്ടുകാർ തുറക്കാൻ ശ്രമിച്ചതോടെയാണ് ഇന്നത്തെ പ്രശ്നങ്ങൾ ആരംഭിച്ചത്. രോഹിണി കോടതിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് അഭിഭാഷകൻ ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.
ജില്ലാ കോടതികൾ പ്രവർത്തിക്കുന്ന തീസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയിൽ നവംബർ ഒന്നിനാണ് സംഘർഷത്തിന് കാരണമായ സംഭവം നടന്നത്. കോടതിയിൽ വാദിക്കാൻ എത്തിയ അഭിഭാഷകന്റെ കാർ റോഡിൽ പാർക്കു ചെയ്‌തതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എതിർത്തതാണ് തുടക്കം. എന്നാൽ, അഭിഭാഷകന്റെ കാർ പൊലീസ് വാഹനത്തിൽ ഇടിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദവുമുണ്ട്. അഭിഭാഷകനെ കസ്‌റ്റഡിയിലെടുത്തെന്നും എതിർത്തപ്പോൾ പൊലീസ് വെടിവച്ചെന്നും മറ്റ് അഭിഭാഷകർ പറയുന്നു.
വെടിയേറ്റ അഡ്വക്കറ്റ് വിജയ് വർമ്മയെ സെന്റ് സ്‌റ്റീഫൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്‌പുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.സംഭവമറിഞ്ഞ് കോടതി വളപ്പിൽ നിന്ന് കൂടുതൽ അഭിഭാഷകർ എത്തി പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയുമായിരുന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. അഭിഭാഷകർ എത്തുന്നത് തടയാൻ പൊലീസ് കോടതിയുടെ പ്രധാന ഗേറ്റ് പൂട്ടി.ഡി.സി.പി മോണിക്കാ ഭരദ്വാജ്, അഡിഷണൽ ഡി.സി.പി ഹരേന്ദ്ര, എസ്.എച്ച്.ഒ രാജീവ് ഭരദ്വാജ് എന്നിവർ പരിക്കേറ്റവരിൽപ്പെടുന്നു. സംഭവം റിപ്പോർട്ടു ചെയ്യാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. മൊബൈൽ ഫോണും മറ്റും പിടിച്ചു പറിക്കാൻ ശ്രമിച്ചു.