pakistan-

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് രൂക്ഷമായ വായുമലിനീകരണത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയുമാണെന്ന വാദവുമായി ബി.ജെ.പി നേതാവ് വിനീത് അഗർവാൾ ഷർദ രംഗത്ത്. നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും പുറപ്പെടുവിച്ച വിഷവാതകമാവാം വായു മലനീകരണത്തിന് കാരണമെന്നാണ് വിനീത് അഗർവാൾ ഷർദ പറയുന്നത്. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഈ രണ്ട് രാജ്യങ്ങളും നമ്മളെ ഭയപ്പെടുന്നുവെന്നും വിനീത് അഗർവാൾ വാർത്ത ഏജൻസിയോട് പറഞ്ഞു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയായി അമിത് ഷായും ചുമതലയേറ്റതോടെ പാകിസ്ഥാൻ നിരാശരായി. ഒരു സാഹചര്യത്തിലും ഇന്ത്യയ്ക്കെതിരെ വിജയിക്കാനാവാത്തതിനെ തുടർന്നാണ് പാകിസ്ഥാൻ ഇങ്ങനെയൊരു തന്ത്രം അവലംബിക്കുക. പാകിസ്ഥാൻ ഇന്ത്യയുമായി യുദ്ധം ചെയ്തപ്പോഴെല്ലാം അവർ പാരജയപ്പെടുക മാത്രമാണ് ചെയ്തത്- വിനീത് അഗർവാൾ പറഞ്ഞു.

കേന്ദ്രസർക്കാരിനെ പുകഴ്ത്തിയ വിനീത് അഗർവാൾ അയൽസംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിനു കാരണമെന്നു പറഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും വിമർശിച്ചു. കൃഷിക്കാർ രാജ്യത്തിന്റെ നട്ടെല്ലാണ്. അതുകൊണ്ട് കൃഷിക്കാരെയും വ്യവസായങ്ങളെയും കുറ്റപ്പെടുത്താനാവില്ല. നരേന്ദ്ര മോദിയെയും അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജുനനോടും ഉപമിച്ച ശർദ, രണ്ടു നേതാക്കളും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ പ്രാപ്തരാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായതിൽ കേന്ദ്രസർക്കാരിനും ഡൽഹി, പഞ്ചാബ്, യു.പി, ഹരിയാന സർക്കാരുകളെ സുപ്രീംകോടതി വിമർശിച്ചിരുന്നു. സ്ഥിതി അതീവഗുരുതരമെന്ന് നിരീക്ഷിച്ച ജസ്റ്റിസ്മാരായ അരുൺമിശ്ര,ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ജീവിക്കാനുള്ള അവകാശം പരമപ്രധാനമാണെന്നും നമ്മുടെ ജീവിതത്തിലെ അമൂല്യമായ വർഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും പറഞ്ഞു. പഞ്ചാബ്, യു.പി, ഹരിയാന ചീഫ് സെക്രട്ടറിമാർ നാളെ കോടതിയിൽ നേരിട്ട് ഹാജരായി വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനെടുത്ത നടപടികൾ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.