ഒരാഴ്ചയ്ക്കിടെ കൂടിയത് 45%
കൊച്ചി: അടുക്കളയെ പ്രതിസന്ധിയിലാക്കും വിധം ഉള്ളിവില വീണ്ടും കുതിപ്പ് തുടങ്ങി. ഡൽഹിയിൽ വില ഇന്നലെ കിലോയ്ക്ക് 80 രൂപയിലെത്തി. ഈ മാസം ഒന്നിന് വില 55 രൂപയായിരുന്നു. 45 ശതമാനം വർദ്ധനയാണ് ഒരാഴ്‌ചയ്ക്കിടെ വിലയിലുണ്ടായത്. പ്രധാന ഉത്‌പാദന സംസ്ഥാനമായ മഹാരാഷ്‌ട്രയിൽ മഴക്കെടുതി മൂലം വിതരണം തടസപ്പെട്ടതാണ് വിലക്കുതിപ്പിന് കാരണം.
കൊച്ചിയിൽ ഇന്നലെ കിലോയ്ക്ക് 60 രൂപയ്‌ക്കായിരുന്നു വില്‌പന. 2018 നവംബറിൽ കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ 80 രൂപ കടന്ന് കുതിക്കുന്നത്. അതേസമയം, വിലക്കയറ്രം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിട്ടുണ്ട്. സ്വകാര്യ ഇറക്കുമതിക്ക് നിയന്ത്രണം ഒഴിവാക്കിയതിനാൽ അഫ്‌ഗാൻ, ഈജിപ്‌ത്, ടർക്കി എന്നിവിടങ്ങളിൽ നിന്ന് കപ്പലിലേറി 80 കണ്ടെയ്‌നർ കഴിഞ്ഞദിവസം ഇന്ത്യൻ തീരത്തെത്തി.
100ഓളം കണ്ടെയ്‌നറുകൾ ഉടനെത്തും. മഹാരാഷ്‌ട്രയ്ക്ക് പുറമേ കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചിട്ടുമുണ്ട്. ഇത്, വരും ദിവസങ്ങളിൽ വില താഴാൻ ഇടയാക്കുമെന്നാണ് കരുതുന്നത്.