അഹമ്മദാബാദ്: മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വി.വി.ഐ.പികൾക്ക് പറക്കാൻ 191 കോടിയുടെ ആഡംബര ജെറ്റ് വിമാനം വാങ്ങി ഗുജറാത്ത് സർക്കാർ. ഇരട്ട എഞ്ചിനുള്ള 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനമാണ് ഗുജറാത്ത് സർക്കാർ വാങ്ങിയത്. രണ്ടാഴ്ചക്കുള്ളിൽ വിമാനം ഗുജറാത്തിൽ എത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് വിമാനം വാങ്ങുന്നത് സംബന്ധിച്ച് ഗുജറാത്ത് സർക്കാർ തലത്തിൽ തീരുമാനം കൈക്കൊണ്ടത്.
7000 കിലോമീറ്റർ ദൂരത്തിൽ പറക്കാൻ കഴിയുന്ന വിമാനത്തിൽ 12 പേർക്ക് യാത്ര ചെയ്യാം. കഴിഞ്ഞ 20 വർഷമായി മുഖ്യമന്ത്രിയും മറ്റ് വി.വി.ഐ.പികളും സഞ്ചരിക്കാൻ ഉപയോഗിച്ച ബീച്ച്ക്രാഫ്റ്റ് സൂപ്പർ കിംഗ് വിമാനത്തേക്കാൾ വളരെ ഉയർന്നതാണ് ഇപ്പോൾ വാങ്ങിയ വിമാനം. ഏകദേശം 191 കോടിയോളമാണ് ഇതിന്റെ വില. ഇപ്പോഴത്തെ വിമാനത്തിൽ ഒൻപത് പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. വിമാനം വാങ്ങുന്നത് സംബന്ധിച്ച് എല്ലാ നടപടികളും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു.
പുതിയ വിമാനം സർവീസ് നടത്തുന്നതിനായി ഏകദേശം രണ്ട് മാസമെടുക്കുമെന്ന് ഗുജറാത്ത് സിവിൽ ഏവിയേഷൻ ഡയറക്ടർ ക്യാപ്ടൻ അജയ് ചൗഹാൻ പറഞ്ഞു. കസ്റ്റംസ്, ഡി. ജി. സി. എ, മറ്റ് അധികാരികൾ എന്നിവരിൽ നിന്ന് ആവശ്യമായ അംഗീകാരങ്ങളും അനുമതികളും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി.വി.ഐ.പികൾക്ക് ചൈന പോലുള്ള അയൽ രാജ്യങ്ങളിലേക്ക് പറക്കാൻ പുതിയ വിമാനം ഉപയോഗിക്കാനാവുമെന്ന് അധികൃതർ വ്യക്തമാക്കി.