പനാജി.ഗോവയിൽ ഈ മാസം 20 ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി) വിഖ്യാത യൂറോപ്യൻ സംവിധായകൻ ഗോരാൻ പസ്കാജെവിക് സംവിധാനം ചെയ്ത ' ഡെസ്പൈറ്റ് ദ ഫോഗ് ' ഉദ്ഘാടന ചിത്രമാകും.യൂറോപ്യൻ തെരുവുകളിൽ അലഞ്ഞു തിരിയുന്ന അഭയാർത്ഥിക്കുഞ്ഞുങ്ങളുടെ ജീവിതവും പോരാട്ടവുമാണ് ഈ ഇറ്റാലിയൻ ചിത്രത്തിന്റെ ഇതിവൃത്തം.
മൊഹ്സിൻ മക്മൽബഫിന്റെ ഏറ്റവും പുതിയ ചിത്രമായ മാഗി ആൻഡ് ഹെർ മദറാണ് മേളയിലെ സമാപന ചിത്രം.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഗോവ മുൻ മുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കറിനെക്കുറിച്ചുള്ള ഹൃസ്വചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.2004 മുതൽ ഗോവ ഐ.എഫ്.എഫ്.ഐയുടെ സ്ഥിരം വേദിയായി മാറ്റുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് പരീക്കറായിരുന്നു.
ചലച്ചിത്രോത്സവത്തിന്റെ അമ്പതാം വാർഷികം ആഗോഷിക്കുന്ന ഈ വേളയിൽ 76 രാജ്യങ്ങളിൽ നിന്നുമായി 200 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഇന്ത്യൻ പനോരമ വിഭാഗത്തിൽ മൂന്ന് മലയാള ചിത്രങ്ങളടക്കം 26 കഥാ ചിത്രങ്ങളും 15 കഥേതര ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്.10000 പ്രതിനിധികൾ ഇക്കുറി മേളയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.