ജയ്‌പൂർ: ഇന്റർനെറ്റ് ഫോൺകാളിലൂടെ ഐ.എസ്.ഐ വനിതാഏജന്റ് വിരിച്ച വലയിൽ കുടുങ്ങിയ സൈനികർ നൽകിയത് തന്ത്രപ്രധാന വിവരങ്ങൾ. രാജസ്ഥാനിലെ സൈനിക വിന്യാസത്തേക്കുറിച്ചുള്ള വിവരങ്ങൾ ഐ.എസ്.ഐ വനിതാ ഏജന്റിന് ചോർത്തി നൽകിയ രണ്ടാ സൈനികരെയാണ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. പാക് ചാരസംഘടനയുടെ സവിശേഷ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്ക്കാണ് ഇവർ വിവരങ്ങൾ നൽകിയത്. ലാൻസ് നായിക് രവി വർമ്മ, വിചിത്ര ബൊഹ്‌റ എന്നിവരാണ് സി.ബി.ഐയും ഇന്റലിജന്റ്സ് ബ്യൂറോയും ഒന്നിച്ചു നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.
പൊഖ്‌റാനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ട് പേരെയാണ് ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരെ ജയ്പുരിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
പഞ്ചാബി ഭാഷയിൽ സംസാരിച്ച യുവതിക്ക് ഇവർ വാട്‌സാപ്പിലൂടേയും ഫേസ്ബുക്കിലൂടെയും വിവരങ്ങൾ കൈമാറുകയായിരുന്നു. രാജസ്ഥാനിലെ ആയുധ വിന്യാസവും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഇവർ നൽകിയെന്നാണ് കരുതുന്നത്.