ss

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞു ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പണം കവർന്ന ശേഷം മർദ്ദിച്ചുറോഡിൽ തള്ളി കടന്നുകളഞ്ഞ കുപ്രസിദ്ധ ഗുണ്ട പിടിയിലായി. ആറ്റുകാൽ കല്ലടിമുഖം ഫ്ളാറ്റിൽ താമസിക്കുന്ന ബിജു (42) ആണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ച തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപം ബിജുവിന്റെ ഓട്ടോ തട്ടി പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞ് കിഴക്കേകോട്ട ഭാഗത്തേക്ക് പോയി. ഗുണ്ടയായ ബിജുവിന്റെ പിടിച്ചുപറി സ്വഭാവം അറിയാവുന്ന മറ്റ് ഓട്ടോക്കാർ ബിജു അറിയാതെ പിന്തുടർന്നു. ബിജു ആറ്റുകാൽ പാടശ്ശേരിയിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് വൃദ്ധന്റെ കൈയിലുണ്ടായിരുന്ന രൂപ പിടിച്ചുപറിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ വൃദ്ധനെ മാരകമായി മർദ്ദിക്കുകയും ബലമായി പൈസ തട്ടിപ്പറിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ഈ സമയം പിന്തുടർന്നെത്തിയ ഓട്ടോക്കാർ അവശനായ വൃദ്ധനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിടിച്ചുപറിയും കഞ്ചാവ് കച്ചവടവും പതിവാക്കിയ ബിജുവിനെതിരെ തമ്പാനൂർ, ഫോർട്ട്, കരമന സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്. ഗുണ്ടാആക്ട് പ്രകാരം ജയിലിലായിരുന്ന ഇയാൾ ഈയിടെയാണ് ജയിൽമോചിതനായത്. സിറ്റി അഡിഷണൽ കമ്മിഷണർ ഹർഷിത അട്ടല്ലൂരി, ഡി.സി.പി മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈംബ്രാഞ്ച് എ.സി സന്തോഷ് എം.എസ്, തമ്പാനൂർ സി.ഐ അജയ് കുമാർ, എസ്.ഐ ജിജുകുമാർ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.