തിരുവനന്തപുരം: നഗരത്തിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിവന്ന കോട്ടുകാൽ സ്വദേശി സൻജിത്തിനെ (30) ഒന്നരക്കിലോ കഞ്ചാവുമായി സിറ്റി ഷാഡോ പൊലീസ് പിടികൂടി. നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടിയ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ ബൈക്ക് മോഷ്ടാവായ ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്നും കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി, ഫോണിൽ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി. എക്സിക്യൂട്ടിവ് രീതിയിൽ വസ്ത്രം ധരിച്ച് ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതിന് നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. ബൈക്ക് മോഷണക്കേസിൽ പിടിയിലായി ജയിലിൽ നിന്നിറങ്ങിയശേഷം കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
തിരുവനന്തപുരം സിറ്റി അഡിഷണൽ കമ്മിഷണർ ഹർഷിത അട്ടല്ലൂരി, ഡി.സി.പി മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സന്തോഷ്.എം.എസ്, നേമം എസ്.എച്ച്.ഒ ബൈജു.എൽ.എസ്.നായർ, എസ്.ഐ സനോജ്.എസ്, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.