വാരാണസി: രാജ്യത്തെ പിടികൂടിയിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷപ്പെടാൻ ദൈവങ്ങൾ പോലും ഒടുവിൽ മുഖം മറയ്ക്കാൻ ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് ദൈവങ്ങൾക്ക് ഇങ്ങനെയൊരു ഗതികേട് ഉണ്ടായിരിക്കുന്നത്. ദിവസം തോറും രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളില്ലെല്ലാം അന്തരീക്ഷ മലിനീകരണം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാരണാസിയിലെ ദൈവങ്ങൾ അശുദ്ധവായു 'ശ്വസിക്കുന്നത്' തടയാനായി ഭക്തർ ദൈവവിഗ്രഹങ്ങളുടെ മുഖങ്ങൾ ഫേസ് മാസ്കുകൾ കൊണ്ടും മറ്റും മറച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
സിഗ്ര നഗരത്തിലെ ക്ഷേത്രത്തിലെ ദുർഗ, കാളി എന്നീ ദൈവങ്ങളെയും, ശിവപാർവതിമാരെയും സായിബാബയെയുമാണ് ഭക്തർ ഫേസ് മാസ്കുകൾ ധരിപ്പിച്ചിരിക്കുന്നത്. വാരാണസി എന്നത് വിശ്വാസികളുടെ സ്ഥലമാണെന്നും അവരെ ജീവനുള്ള ദേവതകളായാണ് തങ്ങൾ കാണുന്നതെന്നും അവരെ സംരക്ഷിക്കാനായി എന്ത് തരത്തിലുമുള്ള വേദനകൾ നേരിടാൻ തങ്ങൾ തയാറാണെന്നുമാണ് ഈ ക്ഷേത്രത്തിലെ പൂജാരി ഹരീഷ് മിശ്ര പറയുന്നത്. ചൂടിൽ നിന്നും ദൈവങ്ങളെ രക്ഷിക്കുന്നതിനായി വേനലകാലത്ത് ഞങ്ങൾ വിഗ്രഹങ്ങളിൽ ചന്ദനം പുരട്ടാറുണ്ട്. ശൈത്യകാലത്ത് കമ്പിളിയും പുതപ്പിക്കാറുണ്ട്. അതുപോലെതന്നെ വായുമലിനീകരണത്തിൽ നിന്നും ദൈവങ്ങളെ രക്ഷിക്കാനായി ഞങ്ങൾ അവരെ മാസ്ക് ധരിപ്പിക്കുന്നു. പൂജാരി പറഞ്ഞു.
എന്നാൽ കാളീ ദേവതയെ ഇത്തരത്തിൽ മുഖംമൂടി ധരിപ്പിക്കുന്നത് അപകടമാണെന്ന് ഞങ്ങൾ കരുതുന്നു. കാരണം കാളി വളരെ ദേവതയാണ്. കാളിയുടെ നാവ് ഒരിക്കലും മൂടാൻ പാടില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് കാളിയുടെ മുഖം മറയ്‌ക്കേണ്ട എന്ന് തങ്ങൾ തീരുമാനിച്ചതായും ഹരീഷ് മിശ്ര പറയുന്നു. ഏതായാലും വിഗ്രഹങ്ങൾ മുഖം മറച്ചതിനെ തുടർന്ന് ക്ഷേത്രത്തിലേക്ക് എത്തുന്ന വിശ്വാസികളും തങ്ങളുടെ മുഖം മറയ്ക്കാൻ ആരംഭിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ ഓരോ വ്യക്തിക്കും പങ്കുണ്ടെന്നാണ് മിശ്രയുടെ അഭിപ്രായം. ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതിലൂടെ വൻ തോതിൽ വായുമലിനീകരണം സംഭവിച്ചതായും മിശ്ര ചൂണ്ടിക്കാട്ടുന്നു. പടക്കം പൊട്ടിച്ചവരെ ആരും തടയാൻ ഉണ്ടായില്ലെന്നും മിശ്രയ്ക്ക് പരാതിയുണ്ട്. തങ്ങളുടെ ശീലങ്ങൾ ആരും മാറ്റാൻ തയാറാകാത്തത് കൊണ്ടാണ് ഇത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.