കൊച്ചി: അന്താരാരാഷ്‌ട്ര കപ്പലുകൾക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൾഫർ കുറഞ്ഞ ഫർണസ് ഓയിൽ ലഭ്യമാക്കാനാരംഭിച്ചു. സമുദ്ര മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 2020 ജനുവരി മുതൽ 0.5 ശതമാനം സൾഫർ മാത്രമുള്ള ഫ്യപവൽ ഓയിലേ ഉപയോഗിക്കാവൂ എന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ)​ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ,​ ചട്ടം പ്രാബല്യത്തിൽ വരുംമുമ്പേ തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ‍ൾഫർ അംശം കുറഞ്ഞ ഫ്യുവൽ ഓയിൽ ലഭ്യമാക്കി തുടങ്ങി. വെരി ലോ സൾഫർ ഫർണസ് ഓയിൽ (വി.എൽ.എസ്.എഫ്.ഒ)​ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ എണ്ണക്കമ്പനിയാണ് ഐ.ഒ.സി. ഓയിലിന്റെ ആദ്യ വിതരണം ഇന്നലെ കൊച്ചിയിലും കാണ്ട്‌ലയിലുമായി നടന്നു.

ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന അന്താരാഷ്‌ട്ര കപ്പലായ എം.വി യു.എ.സി.സി റാസ് തന്നൂറയ്ക്കാണ് പുറംകടലിൽ വച്ച് ഇന്ധനം നൽകിയത്. നിലവിൽ കപ്പലുകൾ ഉപയോഗിക്കുന്ന ഫ്യുവൽ ഓയിലിൽ സൾഫർ അംശം 3.5 ശതമാനമാണ്. ഐ.എം.ഒയുടെ ചട്ടപ്രകാരമുള്ള 0.5 ശതമാനം മാത്രം സൾഫറുള്ള ഇന്ധനമാണ് ഇപ്പോൾ ഐ.ഒ.സി ലഭ്യമാക്കി തുടങ്ങിയത്.

മുംബയ്,​ മംഗലാപുരം,​ തൂത്തുക്കുടി,​ ചെന്നൈ,​ വിശാഖപട്ടണം,​ പാരദ്വീപ്,​ ഹാൽദിയ തുറമുഖങ്ങൾ വഴിയും ഈ മാസം തന്നെ സൾഫ‍ൾ കുറഞ്ഞ ഇന്ധന വിതരണം ആരംഭിക്കുമെന്ന് ഐ.ഒ.സി വ്യക്തമാക്കി.