തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്.സികളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികൾ കരസ്ഥമാക്കിയിരിക്കുകയാണ്. കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എൻ.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതിനു പുറമെ 10 ആശുപത്രികൾക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ 140 സർക്കാർ ആശുപത്രികളിലേക്കും എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ ആർദ്രം മിഷനിലൂടെ സർക്കാർ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണ് എൻ.ക്യു.എ.എസിലൂടെ ലഭിച്ചിരിക്കുന്നത്.
വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂർ കതിരൂർ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂർ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസർക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂർ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യൂ.എ.എസ്. ബഹുമതി നേടിയത്.