america-india-

ന്യൂഡൽഹി: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) നിന്ന് പിന്മാറിയതിന് പിന്നാലെ അമേരിക്കയുമായി പുതിയ വ്യാപാരക്കരാറിനൊരുങ്ങി ഇന്ത്യ.

യു.എസുമായും യൂറോപ്യൻ യൂണിയനുമായും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന്റെ സാദ്ധ്യതകൾ ആലോചിക്കുകയാണെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യൻ വ്യവസായങ്ങൾക്കും സേവനങ്ങൾക്കും സാദ്ധ്യതയുള്ള വമ്പൻ വികസിത വിപണികളിലേക്കു കടന്നുകയറുകയാണ് ലക്ഷ്യമെന്നും, കേന്ദ്രസർക്കാരിനു തിടുക്കമില്ലെന്നും രാജ്യതാത്പര്യം കണക്കിലെടുത്തു സുരക്ഷിതമായ കരാറിൽ മാത്രമേ ഒപ്പുവയ്ക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.

കാലങ്ങളായി അമേരിക്കയുമായി വ്യാപാരകരാറിൽ ഏർപ്പെടില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കുറച്ചുമാസങ്ങൾക്കുമുമ്പ് തന്റെ ട്വീറ്റിൽ സൂചന നൽകിയപ്പോഴും ഇന്ത്യ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ, ചൈന മുൻകൈയെടുത്ത് നടപ്പാക്കുന്ന ആർ.സി.ഇ.പിയിൽനിന്നുള്ള പിന്മാറ്റവും, അമേരിക്കയോടുള്ള സൗഹൃദവും പുതിയ വ്യാപാര കൂട്ടുകെട്ടിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

യു.എസിന്റെ വ്യാപാര മുൻഗണനാ രാഷ്ട്രങ്ങളുടെ പട്ടികയിൽ തിരിച്ചെത്തുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. വാണിജ്യമേഖലകളിൽ നികുതി ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയുമായി മികച്ച സഹകരണമാണ് കഴിഞ്ഞ കുറേ നാളുകളായി യു.എസിനുള്ളത്. ചൈനീസ് ഇറക്കുമതി വർദ്ധിക്കുമെന്ന ആശങ്കയാണ് ആർ.സി.ഇ.പിയിൽനിന്നു പിന്മാറാൻ ഇന്ത്യയെ പ്രേരിപ്പിച്ച പ്രധാന കാര്യം. മാത്രമല്ല, അമേരിക്കയുമായുള്ള ഇന്ത്യയുടെ പുതിയ കൂട്ടുകെട്ട് ചൈനയ്ക്കും ആശങ്കയുണ്ടാക്കും.