കൊച്ചി: ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് സർവകാല റെക്കാഡ് ഉയരത്തിൽ. 221 പോയിന്റ് മുന്നേറ്രവുമായി 40,469ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ഈമാസം നാലിന് കുറിച്ച 40,301 പോയിന്റിന്റെ റെക്കാഡാണ് ഇന്നലെ പഴങ്കഥയായത്.
ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) ഉൾപ്പെടെ ഒട്ടേറെ നികുതി വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ ഇളവ് നൽകുമെന്ന പ്രതീക്ഷ, കേന്ദ്രം കൂടുതൽ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന സൂചന, വിദേശ നിക്ഷേപത്തിലെ ഉണർവ്, കോർപ്പറേറ്റ് കമ്പനികളുടെ മികച്ച ജൂലായ്-സെപ്‌തംബർ പ്രവർത്തനഫലം, മറ്ര് പ്രമുഖ ഏഷ്യൻ ഓഹരി സൂചികകളിലുണ്ടായ കുതിപ്പ് എന്നിവയാണ് ഇന്നലെ ഇന്ത്യൻ ഓഹരികൾക്ക് കരുത്തായത്.
ഇന്നലെ ദേശീയ ഓഹരി സൂചിക (നിഫ്‌റ്രി) ഒരുവേള 12,000 പോയിന്റ് കടന്ന് മുന്നേറി. വൈകിട്ടോടെ നേട്ടം 48 പോയിന്റായി കുറച്ച നിഫ്‌റ്രി 11,966ലാണുള്ളത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി., ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്രാ മോട്ടോഴ്‌സ്, എൽ ആൻഡ് ടി., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്.യു.എൽ എന്നിവ ഇന്നലെ സെൻസെക്‌സിന്റെ മുന്നേറ്രത്തിന് നേതൃത്വം നൽകി.
രൂപയ്ക്ക് ക്ഷീണം
ഓഹരി സൂചികകൾ മുന്നേറിയെങ്കിലും ഇന്ത്യൻ റുപ്പി ഇന്നലെ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 28 പൈസ ഇടിഞ്ഞ് 70.97ലാണ് വ്യാപാരാന്ത്യം രൂപ. അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമില്ലാത്തത്, അന്താരാഷ്‌ട്ര തലത്തിൽ കറൻസി വിനിമയ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയെ വലയ്ക്കുന്നത്.