lithin

കൊച്ചി: പന്ത്രണ്ടുവയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവും ദൃശ്യങ്ങൾ പകർത്തിയ ദമ്പതികളും പൊലീസ് പിടിയിലായി. പെൺകുട്ടിയുടെ കാമുകനായ വടുതല സ്വദേശി ലിതിൻ (19) പോക്‌സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ദമ്പതികളായ ബിബിൻ (25) വർഷ (23) എന്നിവരെ ഇതിനു പിന്നാലെ വടുതലയിലെ വീട്ടിൽനിന്ന് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു.

ർപെൺകുട്ടിയുമായി പ്രണയത്തിലായ ലിതിൻ കഴിഞ്ഞ ജൂൺ മുതൽ ദമ്പതികളുടെ വടുതലയിലെ വസതിയിൽവച്ചാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ ദമ്പതികൾ മൊബൈലിൽ പകർത്തി. പിന്നീട് പെൺകുട്ടിയെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുതവണ നഗ്നദൃശ്യങ്ങൾ ഷൂട്ട് ചെയ്‌തു. ഇതോടെ പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. ഇവർ നോർത്ത് പൊലീസിൽ പരാതി നൽകിയതോടെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ബിബിന്റെ ചിക്കൻകടയിലെ ജീവനക്കാരനാണ് ലിതിൻ. ലിതിനും പെൺകുട്ടിക്കും വീട്ടിൽ കഴിയാൻ ദമ്പതികൾ സൗകര്യം ചെയ്‌തു നൽകുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്ന വിവരം ലിതിനറിയാമായിരുന്നു. ഇവ കാണിച്ച് ദമ്പതികൾ ഭീഷണിപ്പെടുത്തിയപ്പോഴാണ് പെൺകുട്ടിക്ക് ചതി മനസിലായത്. ദമ്പതികൾ എന്തിന് ദൃശ്യങ്ങൾ പകർത്തിയെന്നും ആർക്കെങ്കിലും കൈമാറ്റം ചെയ്‌തിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് നോർത്ത് എസ്.ഐ. അനസ് പറഞ്ഞു.
മൂന്ന് പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, നോർത്ത് ഇൻസ്പെക്ടർ കണ്ണൻ, സബ് ഇൻസ്പെക്ടർ അനസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.