gujarat-

അഹമ്മദാബാദ്: മുഖ്യമന്ത്രി വിജയ് രൂപാണിക്കും മറ്റ് വി.ഐ.പികൾക്കും സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. ഇരട്ട എൻജിൻ 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനം അടുത്ത രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്തെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. വിമാനത്തിൽ 12 യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാാനാവും.

വിമാനം വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ക്യാപ്റ്റൻ അജയ് ചൗഹാൻ പറഞ്ഞു. ബീച്ക്രാഫ്റ്റ് സൂപ്പർ കിംഗ് വിമാനമാണ് മുഖ്യമന്ത്രിക്കും വി.ഐ.പികൾക്കും സഞ്ചരിക്കാനായി ഇപ്പോൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഈ വിമാനമാണ് ഉപയോഗിക്കുന്നതെന്നും അഞ്ച് വർഷം മുമ്പാണ് പുതിയ വിമാനത്തിന്റെ നിർദേശം വന്നതെന്നും അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദീർഘദൂര യാത്രയ്ക്ക് സ്വകാര്യ വിമാനം വാടകയ്ക്കെടുക്കുന്നത് കാരണം മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നും അധികൃതർ പറഞ്ഞു.