ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുമായി ഇംഗ്ളീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ 1-4ന് പിന്നിട്ടു നിന്ന ശേഷം 11 മിനിട്ടിനിടെ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ചെൽസി സമനില പിടിച്ചെടുത്തത്. എട്ടു ഗോളുകളും രണ്ടു പെനാൽറ്റികളും രണ്ടു സെൽഫ് ഗോളുകളും രണ്ടു ചുവപ്പ് കാർഡുമൊക്കെയായി സംഭവബഹുലമായ മത്സരമായിരുന്നു സ്റ്റാംഫോഡ് ബ്രിഡ്ജിൽ അരങ്ങേറിയത്.
അയാക്‌സ് രണ്ടാം മിനിട്ടിൽ ലീഡ് നേടിയിരുന്നു. ഒരു ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിനിടെ ചെൽസി താരം ടാമി അബ്രഹാം വഴങ്ങിയ സെൽഫ് ഗോളാണ് ഡച്ച് ടീമിനെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടു മിനിട്ട് മാത്രമേ അവര്‍ക്ക് ലീഡ് നിലനിർത്താനായുള്ളു. ക്രിസ്റ്റ്യൻ പുലിസിച്ചിനെ ഡച്ച് പ്രതിരോധം വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ജോർജീന്യോ ചെൽസിയെ ഒപ്പമെത്തിച്ചു.
20-ാം മിനിട്ടിൽ അയാക്‌സ് വീണ്ടും മുന്നിലെത്തി. ക്വിൻസി പ്രോമിസാണ് സ്‌കോർ ചെയ്തത്. 15 മിനിട്ടിനു ശേഷം ചെൽസി വീണ്ടും ഞെട്ടി. ഇക്കുറി ഗോള്‍കീപ്പർ കെപ്പ വഴങ്ങിയ സെൽഫ് ഗോളാണ് കെണിയായത്. ഇതോടെ ആദ്യ പകുതിയിൽ അവർ 1-3ന് പിന്നിലായി .
രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങൾ ആതിഥേയർക്ക് എതിരായിരുന്നു. 55-ാം മിനിട്ടിൽ സിയെഷിന്റെ പാസിൽനിന്ന് ഡോന്നി വാന്‍ ഡി ബീക്ക് കൂടി അയാക്‌സിനായി സ്‌കോർ ചെയ്തതോടെ ചെൽസിയുടെ പരാജയം ആരാധകർ ഏറെക്കുറേ ഉറപ്പിച്ചു.
എന്നാൽ 60-ാം മിനിട്ടിൽ ഹഡ്സൺ ഒഡോയ് കളത്തിലിറങ്ങിയതോടെ ചെൽസി തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങി. 63-ാം മിനിട്ടിൽ ടാമി അബ്രഹാമിന്റെ പാസിൽ നിന്ന് സെസാർ ചെൽസിയുടെ രണ്ടാം ഗോൾകണ്ടെത്തി.
ഇതിനു പിന്നാലെ 68, 69 മിനിട്ടുകളിൽഅയാക്സ് ഡിഫന്‍ഡര്‍മാരായ ഡെലി ബ്ലൈൻഡും വെൽറ്റ്മാനും ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ചെൽസി ആളെണ്ണം മുതലെടുത്ത് ആക്രമണം ആരംഭിച്ചു. 71-ാം മിനിറ്റില്‍ ഡച്ച് താരം പന്ത് കൈകൊണ്ട് തട്ടിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു ജോർജിന്യോ ചെൽസിയുടെ മൂന്നാം ഗോൾനേടി. മൂന്നു മിനിട്ടിനകം റീസെ ജെയിംസിലൂടെ സമനില പിടിക്കുകയും ചെയ്തു. സമനിലയോടെ ഗ്രൂപ്പ് എച്ചിൽ ചെൽസി, അയാക്സ്, വലൻസിയ ടീമുകൾ ഏഴു പോയിന്റ് നേടി ഒപ്പത്തിനൊപ്പമാണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് ചെക്ക് റിപ്പബ്ലിക് ക്ലബ്ബ് സ്ലാവിയ പ്രാഹ ഗോൾ രഹിത സമനിലയിൽ തളച്ചു.
സ്വന്തം തട്ടകത്തിൽ ലയണൽ മെസിയും അന്റോയിന്‍ ഗ്രീസ്മാനും ഒസ്മാനെ ഡെംപ്‌ലെയുമെല്ലാം അണിനിരന്നിട്ടും ഒരു ഗോൾ പോലും നേടാനാകാതെ പോയത് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയായി. 2018 ഫെബ്രുവരിയില്‍ ഗെറ്റാഫെയ്ക്ക് ശേഷം ബാഴ്സയെ അവരുടെ മൈതാനത്ത് ഗോൾ നേടാൻ സമ്മതിക്കാത്ത ആദ്യ ടീമെന്ന നേട്ടവും ഇതോടെ ചെക്ക് ക്ലബ്ബ് സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റർമിലാനെയും സ്ലാവിയ സമനിലയിൽ തളച്ചിരുന്നു. ഇന്നലെ മത്സരത്തിന്റെ ആദ്യ പകുതിയിൽബാഴ്‌സലോണ പ്രതിരോധത്തെ മറികടന്ന് വലകുലുക്കാനും സ്ലാവിയയ്ക്കായിരുന്നു. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചത് തിരിച്ചടിയായി. ബാഴ്‌സ നിരയിലാകട്ടെ മെസിയുടെ ചില മിന്നലാട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ എടുത്തുപറയത്തക്ക നീക്കങ്ങളൊന്നുമുണ്ടായില്ല.
നേരത്തെ ചെക്ക് ക്ലബ്ബിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ ബാഴ്സ 2-1 ന്റെ വിജയം നേടിയിരുന്നു. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പില്‍ നാലു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും രണ്ടു സമനിലയുമായി എട്ടു പോയിന്റോടെ ബാഴ്സയാണ് ഒന്നാമത്.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലിവർപൂൾ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ജെങ്കിനെയും ലിയോൺ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബെൻഫിക്കയെയും വലൻസിയ ഒന്നിനെതിരേ നാലു ഗോളുകൾക്ക് ലിലിയെയും തോൽപിച്ചു. ഇന്റർമിലാനെതിരേ ബൊറൂസിയ ഡോർട്ട്മുണ്ട് 3-2ന്റെ വിജയം നേടി.