ഗുണ്ടര്‍: 35-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ഹരിയാന കിരീടം നിലനിർത്തിപ്പോൾ കേരളം തമിഴ് നാടിനൊപ്പം രണ്ടാം സ്ഥാനം പങ്കുവച്ചു. ഗുണ്ടൂരിലെ ആചാര്യ നാഗാർജുന യുണിവേഴ്‌സിറ്റി അത്‌ലറ്റിക് ഗ്രൗണ്ടിൽ 407.5 പോയിന്റുമായാണ് നിലവിലെ ജേതാക്കളായ ഹരിയാന ഓവറാൾ കിരീടം നിലനിർത്തിയത്. അവരുടെ മൂന്നാം കിരീട നേട്ടമാണിത്. രണ്ടു വർഷം മുമ്പ് ഇതേ ഗ്രൗണ്ടില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ കേരളം 316.5 പോയിന്റുമായാണ് തമിഴ്‌നാടിനൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്. 301.5 പോയിന്റുമായി മഹാരാഷ്ട്രയാണ് മൂന്നാമത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ 223.5 പോയിന്റുമായി ഹരിയാന കിരീടം ചൂടിയപ്പോൾ 105.5 പോയിന്റുള്ള കേരളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ 12-ാം തവണയും കേരളം കിരീടം നിലനിർത്തി. 211 പോയിന്റാണ് കേരളത്തിന്റെ പെൺപട നേടിയത്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ മൂന്നു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് കേരളം നേടിയത്. അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കെ.എം. നിഭ, അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ. രോഹിത്, അണ്ടർ 20 പെൺകുട്ടികളുടെ 4-400 മീറ്റർ റിലേ ടീം എന്നിവരാണ് സ്വർണ ജേതാക്കൾ. പെൺകുട്ടികളുടെ ഹർഡിൽസിൽ വെങ്കലവും കേരളത്തിനാണ്. ആർ. ആരതിയാണ് വെങ്കലമണിഞ്ഞത്. ആൺകുട്ടികളുടെ വിഭാഗത്തില്‍ 52.88 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രോഹിത് ഒന്നാമനായത്. ഈയിനത്തിൽ വെള്ളിയും കേരളത്തിലേക്കു പോന്നു. 54.21 സെക്കൻഡിൽ ഫിനിഷ് ചെയ്ത അഖിൽ ബാബുവാണ് വെള്ളിയണിഞ്ഞത്. അണ്ടർ 20 പെൺകുട്ടികളുടെ 4-400 മീറ്റർ റിലേയിൽ ആർ. ആരതി, ടി. സൂര്യമോൾ, റിയാമോൾ ജോയ്, കെ.എം. നിഭ എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്. അണ്ടർ 20 ആൺകുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ എം. മനോജ്കുമാർ വെള്ളിയും അണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്ററിൽ അജിത് ജോണും 4-400 മീറ്റർറിലേയിൽ കെ.എ. അഖിൽ, എം. നവനീത്, എ. ജയിംസ് പൗലോസ്, എൻ.എം. മനു റോഷൻ എന്നിവരടങ്ങിയ കേരളാ ടീമും വെങ്കലം നേടി.