literature-

ലോകത്തിലെ തന്നെ " കർഷക ആത്മഹത്യകളുടെ തലസ്ഥാനമായി ഇന്ത്യ മാറുമെന്ന് 1987 ബാച്ചിലെ ഇന്ത്യന്‍ എക്കണോമിക് സർവീസ് ഓഫീസറായ പി.സി. ബോധ് സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ കർഷകരുടെ ആത്മഹത്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ബോധിന്റെ മുന്നറിയിപ്പ്.

2015നു ശേഷം കർഷക ആത്മഹത്യയെ കുറിച്ചുള്ള സർക്കാർ വക കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. 2016-2020 കാലയളവിലുള്ള കർഷക ആത്മഹത്യ 70-75000 എങ്കിലും വരുമെന്നാണ് ബോധി കണക്കാക്കുന്നത്. 1995 മുതലുള്ള 25 വർഷത്തെ കണക്കെടുത്താൽ അത് നാല് ലക്ഷം വരെയാകാമെന്നും ബോധ് പറയുന്നു. ഇത് തന്റെ പഠനത്തിലെ കണക്കുകളാണെന്നും മന്ത്രലയത്തിന്റേതല്ല എന്നും ബോധ് വ്യക്തമാക്കുന്നുണ്ട്.

ഫാർമേഴ്‍സ് സൂയിസൈഡ് ഇൻ ഇന്ത്യ: എ പോളിസി മാലിഗ്നൻസി എന്ന പുസ്‍തകത്തിലൂടെ ആത്മഹത്യാ പ്രവണതയിൽ നിന്നുള്ള പുനരുജ്ജീവനമല്ല ഇവിടെ നടക്കുന്നത് എന്നാണ് ബോധ് പറയാൻ ശ്രമിക്കുന്നത്.

ഭീമാകാരമായ കാർഷിക സമ്പദ്‌വ്യവസ്ഥയാണെങ്കിൽ പോലും, നിയമം നിർമ്മിക്കുന്നവരും ഉദ്യോഗസ്ഥരും പൊതുസമൂഹവും ആറു പതിറ്റാണ്ടായി ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാർഷികമേഖലയുടെ വിനാശം മനപ്പൂർവം അവഗണിക്കുകയാണ്. ആദ്യത്തെ രണ്ട് പതിറ്റാണ്ടുകളൊഴിച്ചാൽ കർഷകരോടുള്ള ഇന്ത്യയുടെ നയങ്ങൾ വഞ്ചനാപരമായിരുന്നു. കൊളോണിയൽ നാശത്തിൽ നിന്ന് കരകയറുന്ന, നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മുറിവിൽ നിന്നും ബലഹീനതയിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനുവരുന്ന കർഷകരോടുള്ള ദേശീയ അനാസ്ഥയാണിത്... ഇതുകാരണം തന്നെ, ഇന്ത്യ 'കർഷകരുടെ ആത്മഹത്യാ തലസ്ഥാനം' എന്ന ബഹുമതി നേടിയേക്കാമെന്നത് നിസംശയം പറയാം.

1995-2007 കാലയളവിൽ 2.07 ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു, 2004 ൽ ഇത് 18,241 ൽ എത്തി. 2007 ൽ 16,632 ആയി. 2008 മുതൽ 2015 വരെ 1.14 ലക്ഷം കർഷകർ ജീവനൊടുക്കി. 2009 ൽ 17,368 ഉം 2013 ഓടെ 11,772 ഉം ആയിരുന്നു. 1995 നും 2015 -നും ഇടയിൽ ഒരു വർഷം ശരാശരി കർഷക ആത്മഹത്യ 15,306 ആണ്. ഈ ശരാശരി വെച്ച് ബോധ് പറയുന്നത്, 2016 -നും 2020 -നും ഇടയില്‍ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം 3.92 ലക്ഷമെങ്കിലും ആകുമെന്നാണ്.

കർണാടകയിൽ 1995 -നും 2015 -നും ഇടയിൽ 42,768 കർഷക ആത്മഹത്യകളെങ്കിലും നടന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016-2020 നുമിടയിൽ കർണാടകയിൽമാത്രം 8,949 കര്‍ഷക ആത്മഹത്യകൾ. ബോധ് പറയുന്നത് കർണാടകയിൽത്തന്നെ കർഷക ആത്മഹത്യ കണക്കില്ലാത്തവിധം വർധിക്കുകയാണ് എന്നാണ്. 1999-2003 കാലത്താണ് അത് വളരെ കൂടിയ ശരാശരിയിലായിരുന്നത് എന്നും ബോധ് പറയുന്നു.