തിരുവനന്തപുരം : റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട വിമാനത്താവള പരിസരത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് ധനസഹായത്തോടെ വീട് വയ്ക്കാനിറങ്ങിയ ആയിരത്തോളം പാവപ്പെട്ടവർ നഗരസഭയുടെ നിഷേധനിലപാടിനെ തുടർന്ന് പ്രതിസന്ധിയിൽ.
ഇവിടെ വീട് വയ്ക്കണമെങ്കിൽ വിമാനത്താവള അതോറിട്ടിയുടെയും നഗരസഭയുടെയും മുൻകൂർ സമ്മതപത്രം വേണം. ഇതുണ്ടെങ്കിൽ മാത്രമേ കെട്ടിടനിർമ്മാണ അനുമതിയും സർക്കാർ ധനസാഹയവും കിട്ടുകയുള്ളു. പക്ഷേ വിമാനത്താവള അതോറിട്ടിയുടെ മുൻകൂർ സമ്മതപത്രം കിട്ടണമെങ്കിൽ സൈറ്റ് എലിവേഷൻ മാപ്പ് തയ്യാറാക്കി നൽകണം. അതിനുള്ള ഭാരിച്ച ചെലവ് പാവപ്പെട്ടവർക്ക് താങ്ങാനാകില്ല. ഇത് പരിഹരിക്കാൻ ഇൗ ചെലവ് നഗരസഭയും വിമാനത്താവള അതോറിട്ടിയും സംയുക്തമായി വഹിക്കാൻ ധാരണയായി. എന്നാലിതിന്റെ തുടർനടപടികളിൽ നഗരസഭ നിഷേധനിലപാടെടുക്കുന്നതാണ് പ്രശ്നമായത്.
എയർപോർട്ടിന്റെ റെഡ്സോൺ പരിധിയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമിക്കാൻ സൗജന്യമായി എയർപോർട്ട് അതോറിട്ടിയുടെ എൻ.ഒ.സി ലഭ്യമാക്കുമെന്ന് പറഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും തീരുമാനമെടുക്കാതെ നഗരസഭ. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിട്ടി നടപടികൾ പൂർത്തിയാക്കിയെങ്കിലും നഗരസഭയുടെ ഭാഗത്ത് മെല്ലപ്പോക്ക് തുടരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ റെഡ്സോൺ പരിധിയിലെ 750 ഓളം പദ്ധതി ഗുണഭോക്താക്കളുടെ വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
റെഡ്സോൺ കർശനമാക്കി ഉത്തരവിറങ്ങിയതോടെയാണ് എൻ.ഒ.സി നിർബന്ധമാക്കിയത്. എൻ.ഒ.സി ലഭിക്കണമെങ്കിൽ വസ്തഉടമ സൈറ്റ് എലിവേഷൻ മാപ്പ് തയ്യാറാക്കി സമർപ്പിക്കണം. ഇത് ചെലവേറിയതാണ്.
സർക്കാർ സഹായത്തോടെ വീടുവയ്ക്കുന്നവർക്ക് ഈ തുക ചെലവാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് എൻ.ഒ.സി ലഭിക്കുന്നതിന് ആവശ്യമായ ചെലവ് നഗരസഭയും എയർപോർട്ട് അതോറിട്ടിയും തുല്യമായി വഹിക്കാൻ തീരുമാനിച്ചത്. സൈറ്റ് എലിവേഷൻ മാപ്പ് തയ്യാറാക്കാൻ നഗരസഭ ടെൻഡറിലൂടെ കണ്ടെത്തിയ കമ്പനി ആദ്യഘട്ടത്തിൽ 38 ഗുണഭോക്താക്കളുടെ മാപ്പ് തയ്യാറാക്കി എയർപോർട്ട് അതോറിട്ടിക്ക് കൈമാറി. അതോറിട്ടി ഇത് അംഗീകരിച്ച് നഗരസഭയ്ക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല.
പദ്ധതി ഗുണഭോക്താക്കളുടെ പ്രശ്നം ചൂണ്ടിക്കാട്ടി ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാർ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് നൽകിയ കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞമാസം 29ന് എയർപോർട്ട് അതോറിട്ടി അധികൃതരാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം നഗരസഭാ പ്രതിനിധികളാരും ഓംബുഡ്സ്മാൻ മുമ്പാകെ ഹാജരായില്ല.
ദുരിതം ഇങ്ങനെ
റെഡ്സോൺ പരിധിയിൽ നിയമം കർശനമാക്കുന്നതിന് മുമ്പ് വീട് നിർമ്മാണം ആരംഭിച്ച 250 ഓളം ഗുണഭോക്താക്കളുടെ വീട് പൂർത്തിയായെങ്കിലും ടി.സി ലഭിച്ചിട്ടില്ല. എയർപോർട്ട് എൻ.ഒ.സി കിട്ടിയാൽ മാത്രമേ ടി.സിയും പദ്ധതിയുടെ അവസാന ഗഡുവായ 80,000 രൂപയും ലഭിക്കൂ. 500 ഗുണഭോക്താക്കൾ കെട്ടിടനിർമാണ അനുമതിക്കായും കാത്തിരിപ്പിലാണ്. ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ, വള്ളക്കടവ്, വലിയതുറ വാർഡുകൾ പൂർണമായും പെരുന്താന്നി, ചാക്ക, ശ്രീവരാഹം, പുത്തൻപള്ളി, മുട്ടത്തറ വാർഡുകൾ ഭാഗികമായും റെഡ് സോണിൽ ഉൾപ്പെടും.
സാധാരണക്കാരനു മുന്നിൽ നടപടികൾ ഇഴയുന്നു
2018 ജൂലായ് 2ന് എയർപോർട്ട് അതോറിട്ടി ഡയറക്ടർ ചെലവ് വഹിക്കാൻ സമ്മതമറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
സെക്രട്ടറി കത്ത് നഗരസഭയ്ക്ക് കൈമാറി
നവംബറിൽ സൈറ്റ് എലിവേഷൻ മാപ്പ് തയ്യാറാക്കുന്ന കമ്പനികളുടെ ടെൻഡർ ക്ഷണിച്ചു
ഡിസംബർ 22ന് ഡി.ബി കൺസൾട്ടൻസി ടെൻഡർ സമർപ്പിച്ചു
2019 മാർച്ച് 6ന് ചേർന്ന് കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്ത് പാസാക്കി
മേയ് 4ന് നഗരസഭ ഇക്കാര്യം എയർപോർട്ട് അതോറിട്ടിയെ അറിയിച്ചു. (1127 പേരുടെ ലിസ്റ്റും കൈമാറി)
മേയ് 22ന് ലിസ്റ്റിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അതോറിട്ടി തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി കത്ത് നൽകി
ജൂൺ 3ന് 226 പേരുടെ ലിസ്റ്റ് നഗരസഭ എയർപോർട്ടിന് കൈമാറി
ഇതിൽ 38 ഗുണഭോക്താക്കളുടെ സൈറ്റ് എലിവേഷൻ നപടികൾ പൂർത്തീകരിച്ച ലിസ്റ്റ് കമ്പനി എയർപോർട്ടിന് കൈമാറി
38 പേരുടെ ലിസ്റ്റ് എയർപോർട്ട് അതോറിട്ടി നഗരസഭയ്ക്ക് കൈമാറി, നടപടികൾ അതോടെ നിലച്ചു