തിരുവനന്തപുരം: ദേശീയ ജലപാത പൂർത്തിയാകുന്നതോടെ തലസ്ഥാനത്തിന്റെ സ്വന്തം ചാക്കയുടെ തലവരയും മാറും. നഗരത്തിലെ പ്രധാന ജലഗതാഗത സ്റ്റേഷനാണ് ചാക്കയെ കാത്തിരിക്കുന്നത്. വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ നിന്ന് ക്രൂയിസ് കപ്പലിലോ ആഡംബര ബോട്ടിലോ കോവളത്തേക്കോ ആലപ്പുഴയിലേക്കോ പോകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. കോവളമാണ് ജലപാതയുടെ തെക്കേ അറ്റത്തെ സ്റ്റേഷൻ. നിർമ്മാണം പുരോഗമിക്കുന്ന ജലപാത മേയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുമ്പോൾ ജില്ലയിൽ മുമ്പുണ്ടായിരുന്ന ജലയാത്രയും ചരക്ക് നീക്കവുമെല്ലാം പുനരാരംഭിക്കും. രാജഭരണ കാലത്ത് പാർവതി പുത്തനാറിലൂടെ ചരക്ക് നീക്കം നടന്നപ്പോൾ പ്രധാന ചരക്ക് നീക്ക കേന്ദ്രങ്ങളിലൊന്നായിരുന്നു ചാക്ക. വിമാനത്താവളത്തിന് അടുത്തുള്ളത് കൊണ്ടാണ് ചാക്കയെ ദേശീയ ജലപാത സ്റ്റേഷനാക്കാൻ തിരഞ്ഞെടുത്തത്.
പാത യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ക്രൂസ് കപ്പലിലും വാട്ടർ ടാക്സിയിലും യാത്ര ചെയ്യാം. മിനി ക്രൂസ്, വാട്ടർ ടാക്സി, വേഗ 120 ബോട്ട് എന്നിവയാണ് സർവീസ് നടത്തുന്നത്. വാട്ടർ ടാക്സി അടുത്ത മാസം ആലപ്പുഴയിലും കൊച്ചിയിലും നീറ്റിലിറക്കും. സോളാറിലോടുന്ന ക്രൂയിസ് സർവീസ് ഡിസംബറിലാരംഭിക്കും. ആദ്യ ഘട്ടത്തിൽ ആലപ്പുഴ - കുമരകം റൂട്ടിലാണ് സർവീസ്. തുടർന്ന് കൊല്ലം അഷ്ടമുടിയിലേക്കും നീട്ടും.
ജനസാന്ദ്രതയേറിയ മേഖലയിലൂടെയാണ് ജലപാത. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുഅണ്ടി, മത്സ്യബന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളവരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനും ജലപാതയ്ക്ക് സാധിക്കും. ബോട്ടുകൾക്ക് 25 കിലോമീറ്റർ ഇടവിട്ട് സ്റ്റോപ്പ് പണിയുന്ന പദ്ധതിയാണ് ടൂറിസം വകുപ്പിനുള്ളത്. ഇവിടെയെല്ലാം ടൂറിസ്റ്റുകൾക്ക് ഇടത്താവളമൊരുക്കാം. ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്ഥിരം വേദികൾ ഭാവിയിൽ ഇവിടങ്ങളിൽ പണിയാനും പദ്ധതിയുണ്ട്.
പായലും കയ്യേറ്റവും വെല്ലുവിളി
പാർവതി പുത്തനാറിലെ പായൽ പൂർണമായും നീക്കാത്തത് ഏറ്റവും വലിയ വെല്ലുവിളി. തിരുവല്ലം മുതൽ കോവളം വരെയുള്ള കൈയേറ്റമാണ് മറ്റൊരു പ്രശ്നം. ഇവിടങ്ങളിൽ രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് പല അനധികൃത നിർമ്മാണവും നടന്നത്.