തിരുവനന്തപുരം : ''പ്രിയപ്പെട്ട ശൈലജയ്ക്ക്, തീരെ വയ്യാത്തതുകൊണ്ടാണ് നേരിട്ടു കാണാത്തത്. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ കെട്ടിടം നിർമ്മിക്കാനായി വീണ്ടും മരം മുറിയും സസ്യനാശവും ആരംഭിക്കുകയാണെന്ന് അറിഞ്ഞു.""
ക്ഷീണാവസ്ഥയിലും കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി മന്ത്രി ശൈലജയ്ക്ക് വേദനയോടെ കത്തെഴുതി. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പാരാസർജിക്കൽ വിഭാഗവും ജെറിയാട്രിക് പേവാർഡും പണിയാനായി കടയ്ക്കൽ മഴുവീഴുന്നതും കാത്തിരിക്കുന്ന ഔഷധ മരങ്ങളെയും സസ്യങ്ങളെയും രക്ഷിക്കണമെന്ന അപേക്ഷയാണ് ഈ കത്തിലുള്ളത്.
ആശുപത്രിയിലുള്ള കോൺക്രീറ്റ് മന്ദിരങ്ങൾക്ക് പുറമെ പുതുതായി പണിയുന്ന കെട്ടിടങ്ങൾക്ക് വേണ്ടി ഇനിയും മരങ്ങൾ മുറിച്ചുകളയരുതെന്ന വൃക്ഷസ്നേഹികളുടെ അപേക്ഷ നിരസിച്ച അധികാരികൾക്കെതിരെയാണ് സുഗതകുമാരിയുടെ കത്ത്.
കടമ്പ്, മലമ്പുന്ന പെരുമരം, മുള്ളുവേങ്ങ, നെന്മേനി വാക, അമ്പഴം ആഞ്ഞിലി, നീർമാതളം, ഉതി, ഇലഞ്ഞി, സ്വർണപത്രി, ഞാവൽ, കുമ്പിൾ, പേരകം എന്നീ മരങ്ങൾ മുറിച്ചുമാറ്റാനായി നേരത്തേ ലേലം ചെയ്തിരുന്നു. എന്നാൽ ലേലം കൊള്ളാൻ ആരും വരാത്തതിനാൽ മുറിച്ചുമാറ്റി കെട്ടിടം നിർമ്മിക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. തിപ്പലി, കൊടുവേലി, ഗുൽഗുലു, രക്തചന്ദനം, ദന്തപാല, കൊടുവേലി, കറുകപ്പട്ട, ചിറ്റരത്ത, കടുക്ക, അമ്പഴം, പച്ചക്കർപ്പൂരം, നാഗദന്തി ...തുടങ്ങി ഇരുനൂറിലധികം ഔഷധ സസ്യങ്ങളാണ് വികസനത്തിന്റെ പേരിൽ ഇങ്ങനെ നശിപ്പിക്കാനൊരുങ്ങുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെകുറിച്ചും ജൈവ വൈവിദ്ധ്യത്തെപ്പറ്റിയും ലോകം മുഴുവൻ ആശങ്കപ്പെടുമ്പോൾ നഗരഹൃദയത്തിലുള്ള ഓരോ പച്ചപ്പിനെയും സ്നേഹിച്ച് സംരക്ഷിക്കേണ്ടതാണ് വേണ്ടതെന്ന് സുഗതകുമാരി കത്തിൽ പറയുന്നു.
കെട്ടിടനിർമ്മാണത്തിന് വേറെ സ്ഥലം കണ്ടെത്തി, സംരക്ഷിത ഔഷധോദ്യാനം നിലനിറുത്തുകയാണ് വേണ്ടതെന്നും ഇക്കാര്യത്തിൽ വേണ്ടതു ചെയ്യുമെന്ന് പൂർണമായി വിശ്വസിക്കുകയും ചെയ്യുന്നുവെന്ന പ്രതീക്ഷ പങ്കുവച്ചാണ് കത്ത് അവസാനിക്കുന്നത്.