തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസിലെ ആനയറ ലോർഡ്സ് ജംഗ്ഷനിൽ ഒരു മാസത്തിനിടെയുണ്ടായത് 25 അപകടങ്ങളാണ്. വാഹനങ്ങളുടെ അമിത വേഗതയും അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളുമാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിന് ഇവിടെയുണ്ടായ അപകടത്തിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ റിട്ട. അദ്ധ്യാപിക തങ്കമണി അശോകൻ മരിച്ചിരുന്നു. കരിക്കകം ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന മകൾ ശ്രീജ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഒരു മാസം മുൻപ് ഇവിടെയുണ്ടായ കാറപകടത്തിൽ ഒരു സ്ത്രീയുടെ കാലാണ് നഷ്ടമായത്. കാൽനട യാത്രക്കാരാണ് പ്രദേശത്ത് ഏറെയും അപകടത്തിൽപ്പെടുന്നതെന്നും പ്രദേശവാസികൾ പറയുന്നു. കരിക്കകം ക്ഷേത്രം, ലോർഡ്സ് ആശുപത്രി, വേൾഡ് മാർക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക് ഈ റോഡ് മറികടക്കേണ്ടിവരും.
ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്ക് അശ്രദ്ധമായി വാഹനങ്ങൾ പ്രവേശിക്കുന്നതും സർവീസ് റോഡിൽ വലിയ കണ്ടെയ്നർ ലോറികളും മറ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
ട്രാഫിക് സിഗ്നൽ വരുമോ
ബൈപ്പാസിന്റെയും ചാക്ക മേൽപ്പാലത്തിന്റെയും പണി പൂർത്തിയാകുമ്പോഴേക്കും പ്രദേശത്ത് ട്രാഫിക് സിഗ്നൽ, സ്പീഡ് ബ്രേക്കർ അടക്കമുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ട്രാഫിക് അധികൃതർ പറയുന്നത്. നിലവിൽ ബൈപ്പാസിൽ നിന്നു സർവീസ് റോഡിലേക്ക് കയറുന്ന സ്ഥലത്ത് മുന്നറിയിപ്പ് സിഗ്നൽ മാത്രമാണുള്ളത്. രാത്രിയായാൽ പ്രദേശത്തെ വെളിച്ചക്കുറവും അപകടങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നു. വെളിച്ചക്കുറവ് കാരണം റോഡ് മുറിച്ച് കടക്കുന്നവരെ കാണാൻ സാധിക്കാത്ത അവസ്ഥയും ഉണ്ട്.
അപകടങ്ങളൊഴിവാക്കാൻ
l ഇടറോഡിൽ ഹംപ് സ്ഥാപിക്കുക
l ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക
l ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക
l സ്പീഡ് ബ്രേക്കറുകൾ
l അനധികൃത പാർക്കിംഗ് ഒഴിവാക്കുക