തിരുവനന്തപുരം: കുട്ടിക്കാലത്തു തന്നെ 'കാലിൽ വീലും കെട്ടിവച്ച് "പായാൻ തുടങ്ങിയതാണ് ഈ മൂന്നു സഹോദരങ്ങൾ. ആ പാച്ചിലിനൊടുവിൽ സംസ്ഥാനതല മത്സരത്തിൽ നിന്ന് അഞ്ചു മെഡലുകളാണ് വീട്ടിലെത്തിച്ചത്. കോഴിക്കോട്ടും വടകരയുമായി നടന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് മത്സരത്തിൽ ഇവർ നേടിയ പോയിന്റുകളുടെ ബലത്തിലാണ് തിരുവനന്തപുരം ജില്ല ഓവറാൾ ചാമ്പ്യന്മാരായതും.
പാച്ചല്ലൂർ ബൈത്തുൽ ഹമദിൽ ഹമ്മസുദ്ദീന്റെയും സുനിലയുടെയും മക്കളായ എച്ച്.എസ്. മുഹമ്മദ് ഷെറഹിൻ, എച്ച്. എസ്. മുഹമ്മദ് ഷാഹിൽ, എച്ച്. എസ്. മുഹമ്മദ് സുഹൈൽ എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി മത്സരിച്ച് മെഡലുകൾ സ്വന്തമാക്കിയത്. അതിൽ മൂന്നു സ്വർണവും രണ്ട് വെള്ളിയും. 17 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച മുഹമ്മദ് ഷെറഹിൻ റിംഗ് 5- 500 മീറ്ററിൽ സ്വർണം നേടിയപ്പോൾ 14നും 17നു മദ്ധ്യേ പ്രയമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച മുഹമ്മദ് ഷാഹിൽ എലിമിനേഷൻ (15കെ) വിഭാഗത്തിൽ സ്വർണവും റിംഗ് 4ൽ വെള്ളിയും നേടി. 14ന് വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയ ഇളയവൻ മുഹിമ്മദ് സുഹൈൽ പോയിന്റ് ടു പോയിന്റ് (10 കെ) വിഭാഗത്തിൽ സ്വർണവും എലിമിനേഷൻ (10 കെ)യിൽ വെള്ളിയും നേടി.
ഷെറഹിൻ അമ്പലത്തറ നാഷണൽ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. ഷാഹിൻ പട്ടം സെന്റ് മേരീസിലെ പ്ളസ്-ടു വിദ്യാർത്ഥിയും സുഹൈൽ ആക്കുളം എം.ജി.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഷാഹിൻ ആ വിഭാഗത്തിലെ ടീം ക്യാപ്ടനുമായിരുന്നു. ഇവരുടെ പിതാവ് ഹമ്മസുദ്ദീൻ പേട്ട പൊലീസ് സ്റ്റേഷനു എതിർവശത്ത് ഫോട്ടോസ്റ്റാറ്റ് കട നടത്തിയാണ് കുടുംബം പുലർത്തുന്നത്.
കുട്ടിക്കാലത്തു തന്നെ റോളർ സ്കേറ്റിംഗിനോടുള്ള ഭ്രമം മൂവർക്കും ഉണ്ടായിരുന്നു. കഠിനമായ പരിശീലനത്തിന് ഒരു മടിയുമില്ല. ഇതിനിടെ പഠനത്തിൽ ശ്രദ്ധ പാളാതിരിക്കാനുള്ള കരുതലും ഇവർക്കുണ്ട്.